കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, വെങ്കടേഷ് അയ്യർ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്.
158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റൻ രോഹിത് ശർമ – ഇഷാൻ കിഷൻ സഖ്യം തകർപ്പൻ തുടക്കമാണ് നൽകിയത്. 7.3 ഓവറിൽ ഇരുവരും ചേർന്ന് 64 റൺസെടുത്തു. 19 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രോഹിത് പുറത്തായതോടെ ഇന്ത്യയുടെ റൺറേറ്റ് താഴ്ന്നു. വൈകാതെ 42 പന്തിൽ നിന്ന് 35 റൺസെടുത്ത ഇഷാൻ കിഷനെയും മടക്കി റോസ്റ്റൺ ചേസ് ഇന്ത്യയെ ഞെട്ടിച്ചു. വിരാട് കോലിക്കും കാര്യമായ സംഭാവന നൽകാനായില്ല. 13 പന്തിൽ നിന്ന് 17 റൺസ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. 13-ാം ഓവറിൽ ഫാബിയാൻ അലനാണ് കോലിയെ മടക്കിയത്. ഋഷഭ് പന്ത് വെറും എട്ട് റൺസ് മാത്രമെടുത്ത് മോശം ഷോട്ടിലൂടെ പുറത്തായി.
പിന്നാലെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് – വെങ്കടേഷ് അയ്യർ സഖ്യമാണ് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേർന്നെടുത്ത 48 റൺസ് വിജയത്തിൽ നിർണായകമായി.
സൂര്യകുമാർ വെറും 18 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 34 റൺസോടെ പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ 13 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 24 റൺസെടുത്തു. ഫാബിയാൻ അലനെ സിക്സർ പറത്തി വിജയറൺ കുറിച്ചതും വെങ്കടേഷായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തിരുന്നു.
അർധ സെഞ്ചുറി നേടിയ നിക്കോളാസ് പുരനാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട പുരൻ അഞ്ച് സിക്സും നാല് ഫോറുമടക്കം 61 റൺസെടുത്തു.
നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യയ്ക്കായി തിളങ്ങി. ഹർഷൽ പട്ടേലും രണ്ടു വിക്കറ്റ് വീഴ്ത്തി.
ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ബ്രാൻഡൺ കിങ്ങിനെ (4) നഷ്ടമായിരുന്നു. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. തുടർന്ന് രണ്ടാം വിക്കറ്റിൽ കൈൽ മയേഴ്സും നിക്കോളാസ് പുരനും ചേർന്ന് ടീമിനെ 51 റൺസ് വരെയെത്തിച്ചു. 24 പന്തിൽ നിന്ന് ഏഴ് ഫോറുകളടക്കം 31 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന മയേഴ്സിനെ ഏഴാം ഓവറിൽ യുസ്വേന്ദ്ര ചാഹൽ മടക്കി.
11-ാം ഓവറിൽ റോസ്റ്റൺ ചേസ് (4), റോവ്മാൻ പവൽ (2) എന്നിവരെ മടക്കി രവി ബിഷ്ണോയ് വിൻഡീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ അകീൽ ഹുസൈനെ (10) 14-ാം ഓവറിൽ ദീപക് ചാഹർ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി.
പിന്നാലെ ആറാം വിക്കറ്റിൽ ഒന്നിച്ച പുരൻ – കിറോൺ പൊള്ളാർഡ് സഖ്യം അതിവേഗം 45 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിൽ പുരനെ മടക്കി ഹർഷൽ പട്ടേലാണ് ഈ കൂട്ടുകെട്ട് തകർത്തത്.
പൊള്ളാർഡ് 19 പന്തിൽ നിന്ന് 24 റൺസോടെ പുറത്താകാതെ നിന്നു.ഇന്ത്യയുടെ ആറാം ബൗളിങ് ഓപ്ഷനായ വെങ്കടേഷ് അയ്യർ ഈ മത്സരത്തിൽ ഒരു ഓവർ എറിഞ്ഞു. നാലു റൺസ് മാത്രം വിട്ടുകൊടുത്ത വെങ്കടേഷിന് പക്ഷേ വിക്കറ്റൊന്നും ലഭിച്ചില്ല.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി സ്പിന്നർ രവി ബിഷ്ണോയ് അരങ്ങേറ്റം കുറിച്ചു.