പാരീസ്: ഒളിംപിക്‌സില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ സ്‌പെയിനിനെ വീഴ്ത്തി ഇന്ത്യക്ക് വെങ്കലം. പാരീസില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയിരിക്കുകയാണ് പുരുഷ ഹോക്കി ടീം. 2-1 എന്ന സ്‌കോറിനാണ് സ്പാനിഷ് ടീമിനെ ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യയുടെ മെഡല്‍ നേട്ടത്തിലേക്ക് നയിച്ചത് ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ്.
അവസാന നിമിഷത്തെ പെനാല്‍റ്റി കോര്‍ണര്‍ അത്ഭുതകരമായ രീതിയിലാണ് ശ്രീജേഷ് സേവ് ചെയ്തത്. ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചതും അവസാന നിമിഷത്തെ ഈ സൂപ്പര്‍ സ്റ്റോപ്പറാണ്. മത്സരം തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ കിടിലന്‍ സേവ്. ഇതോടെ ഏറ്റവും ഗംഭീരമായ വിടവാങ്ങല്‍ കൂടിയാണ് ശ്രീജേഷിന് ലഭിച്ചിരിക്കുന്നത്.
ഇന്ത്യ മെഡലുറപ്പിച്ചതിന് പിന്നാലെ ശ്രീജേഷിനെ തോളിലേറ്റിയാണ് ക്യാപ്റ്റന്‍ ഹര്‍മാന്‍പ്രീത് ആഘോഷപ്രകടനം നടത്തിയത്. അവസാന നിമിഷം സ്‌പെയിന്‍ ഒന്നിന് പിറകെ ഒന്നാകെ കൗണ്ടര്‍ അറ്റാക്കിങ് തന്നെ നടത്തിയിരുന്നു. ഒളിംപിക് മത്സരത്തിന് മുമ്പ് ഇന്ത്യയും സ്‌പെയിനും ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളിലും ഏഴെണ്ണത്തിലും ജയം ഇന്ത്യക്കായിരുന്നു.
തുടക്കത്തില്‍ തന്നെ ഇരു ടീമുകളും പൊസഷന് വേണ്ടിയാണ് ശ്രമിച്ചത്. ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ വീണതേയില്ല. സ്‌പെയിന്‍ കുറച്ച് പ്രതിരോധത്തിന് കൂടി പ്രാധാന്യം നല്‍കിയിരുന്നു. സ്‌പെയിന്‍ ആക്രമണത്തിന് ശ്രമിച്ചപ്പോള്‍ മുന്നില്‍ നിന്ന് ശ്രീജേഷ് പ്രതിരോധിച്ചിരുന്നു. മത്സരത്തില്‍ സ്‌പെയിനാണ് ആദ്യ ലീഡെടുത്തത്. പിന്നീടാണ് ഇന്ത്യ തിരിച്ചടിച്ച് മത്സരം വിജയിച്ചത്.