ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന രണ്ടാം ടി 20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 106 റൺസിനാണ് ഇന്ത്യൻ യുവനിര ദക്ഷിണാഫ്രിക്കയെ അവരുടെ മണ്ണിൽ കീഴടക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി.
സ്കോർ: ഇന്ത്യ ഏഴ് വിക്കറ്റിന് 201. ദക്ഷിണാഫ്രിക്ക 95ന് ആൾ ഔട്ട്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും മികച്ച ഇന്നിങ്സാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ 5 വിക്കറ്റ് നേടിയ കുൽദീപ് യാദവും 2 വിക്കറ്റ് രവീന്ദ്ര ജഡേജയും വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻറെ സെഞ്ചുറിയുടെയും ഓപ്പണർ യശസ്വി ജയ്‌സ്വാളിൻറെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും കരുത്തിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസടിച്ചു. 55 പന്തിൽ സെഞ്ചുറി തികച്ച സൂര്യകുമാർ യാദവ് 56 പന്തിൽ 100 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ ഓപ്പണർ യശസ്വി ജയ്‌സ്വാൾ 41 പന്തിൽ 60 റൺസെടുത്തു.
ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതാണ് സൂര്യകുമാറിൻറെ നാലാം ടി20 സെഞ്ചുറി. യശസ്വി ജയ്‌സ്വാൾ ആറ് ഫോറും മൂന്ന് സിക്സും പറത്തി. തുടക്കത്തിൽ തകർത്തടിച്ച ശുഭ്മാൻ ഗില്ലും യശസ്വി ജയ്സ്വാളും ചേർന്ന് ഇന്ത്യയെ 2.1 ഓവറിൽ 29 റൺസിലെത്തിച്ചു. എന്നാൽ കേശവ് മഹാരാജിൻറെ പന്തിൽ അമ്പയറുടെ തെറ്റായ എൽബിഡബ്ല്യു തീരുമാനത്തിൽ ഗിൽ(12) വിക്കറ്റിന് മുന്നിൽ കുടുങ്ങി.
യശസ്വിയോട് ചോദിച്ച് റിവ്യു എടുക്കാതെ ഗിൽ മടങ്ങി. എന്നാൽ റീപ്ലേകളിൽ പന്ത് ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുമെന്ന് വ്യക്തമായി. തൊട്ടടുത്ത പന്തിൽ വൺ ഡൗണായി എത്തിയ തിലക് വർമ ഗോൾഡൻ ഡക്കായി മടങ്ങിയതോടെ ഇന്ത്യ ഞെട്ടി. എന്നാൽ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാർ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു.