ഒമാനെ തകർത്ത് ഇന്ത്യ;ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍

ഒമാനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എ സെമിയില്‍

ദോഹ: ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ എ ടീം. ഗ്രൂപ്പ് ബിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഒമാനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഒമാന്‍ മുന്നില്‍വെച്ച 136 എന്ന ലക്ഷ്യം ഇന്ത്യ എ 17.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ദ്ധ സെഞ്ചുറിയോടെ (53*) ഹര്‍ഷ് ദുബെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ തോല്‍പ്പിച്ചിരുന്നു. രണ്ടാമത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടെങ്കിലും ഇന്നത്തെ ജയത്തോടെ ഇന്ത്യ സെമിയില്‍ കടന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറിയുമായി വസിം അലിയാണ് ഒമാന്‍ നിരയില്‍ തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍ ഹമ്മദ് മിര്‍സ ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചതോടെ ടീം മൂന്നോവറില്‍ 28 റണ്‍സെടുത്തു. എന്നാല്‍ നാലാം ഓവറില്‍ താരം പുറത്തായി. 16 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് ഹമ്മദ് മടങ്ങിയത്. ആറോവറില്‍ അമ്പതിലെത്തിയ ഒമാന് പിന്നാലെ ഓപ്പണര്‍ കരണ്‍ സോനാവാലയെ(12)നഷ്ടമായി.

മൂന്നാം വിക്കറ്റില്‍ വസിം അലിയും നാരായണ്‍ സായ്ശിവും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. ടീം 12 ഓവറില്‍ 91 ലെത്തി. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളി വരുതിയിലാക്കുന്നതാണ് മൈതാനത്ത് കണ്ടത്. നാരായണ്‍ സായ്ശിവ്(16), ആര്യന്‍ ബിഷ്ത്(4), സിക്രിയ ഇസ്ലം(0) എന്നിവര്‍ കൂടാരം കയറിയതോടെ ഒമാന്‍ പ്രതിരോധത്തിലായി. ടീം 105-5 എന്ന നിലയിലേക്ക് വീണു.

വിക്കറ്റുകള്‍ വീഴുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ വസിം അലിയാണ് ഒമാന് അല്‍പ്പമെങ്കിലും ആശ്വാസമായത്. വസിം അലി(54)അര്‍ധസെഞ്ചുറിയോടെ തിളങ്ങി. 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെന്ന നിലയില്‍ ഒമാന്‍ ഇന്നിങ്സ് അവസാനിച്ചു.നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ സുയാഷ് ശര്‍മയാണ് ഇന്ത്യക്കായി തിളങ്ങിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News