CricketNewsSports

ഓസീസ് 89 റൺസിന് ഡിക്ലയർ ചെയ്തു, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 260 റണ്‍സിന് ഇന്ത്യയെ പുറത്താക്കി വേഗത്തില്‍ പരമാവധി സ്‌കോര്‍ ചെയ്ത് ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന ഓസീസ് മോഹത്തിന് തിരിച്ചടി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 18 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിൽ 89 റണ്‍സിന് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് വിജയലക്ഷ്യം 275 റണ്‍സ്.

ജസ്പ്രീത് ബുംറ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടെണ്ണം വീതവും വിക്കറ്റുകള്‍ പങ്കിട്ടെടുത്തു. നാലുപേരെ പുറത്തിരുത്തിയതിന് പിന്നില്‍ ഋഷഭ് പന്തിന്റെ ക്യാച്ചുകളാണ്. നാഥന്‍ മക്‌സ്വീനി (4), ഉസ്മാന്‍ ഖവാജ (8), മാര്‍നസ് ലബുഷങ്കെ (1), മിച്ചല്‍ മാര്‍ഷ് (2), ട്രാവിസ് ഹെഡ് (17), സ്റ്റീവന്‍ സ്മിത്ത് (4) എന്നിവരാണ് പുറത്തായത്. അലക്‌സ് കാരിയും പാറ്റ് കമിന്‍സും ക്രീസില്‍.

ഒന്‍പതിന് 252 റണ്‍സെന്ന നിലയില്‍ നാലാംദിനം കളിയവസാനിപ്പിച്ച ഇന്ത്യക്ക് അവസാനദിവസം എട്ട് റണ്‍സ് കൂടെയേ ചേര്‍ക്കാനായുള്ളൂ. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ ഇന്നിങ്സുകളും മധ്യ-വാലറ്റ നിര നടത്തിയ ചെറുത്തുനില്‍പ്പുമാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍നിന്ന് കരകയറ്റിയത്. 78.5 ഓവറില്‍ 260 റണ്‍സാണ് സന്ദര്‍ശകരുടെ സമ്പാദ്യം. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 445-ന് 185 റണ്‍സ് അകലെ ഇന്ത്യ വീഴുകയായിരുന്നു.

പത്താംവിക്കറ്റില്‍ ജസ്പ്രീത് ബുംറയും ആകാശ്ദീപും ചേര്‍ന്ന് 47 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയത് ആശ്വാസമായി. ഈ കൂട്ടുകെട്ടാണ് ഫോളോ ഓണ്‍ ഭീഷണി ഒഴിവാക്കിയതും. കെ.എല്‍. രാഹുല്‍ (84), രവീന്ദ്ര ജഡേജ (77) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. ദുഷ്‌കരമായ പിച്ചില്‍ ആകാശ്ദീപ് 44 പന്തില്‍ 31 റണ്‍സ് നേടി. നിതീഷ് കുമാര്‍ റെഡ്ഢി (16), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (10), ബുംറ (10*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുപേര്‍. നാലുവിക്കറ്റുകള്‍ നേടിയ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും മൂന്ന് വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇന്ത്യയെ തകര്‍ത്തത്.

ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 445-ന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിന്റെയും (152) സ്റ്റീവന്‍ സ്മിത്തിന്റെയും (101) ഇന്നിങ്സുകളാണ് ഓസീസിന് തുണയായത്. അലക്സ് കാരെ 70 റണ്‍സുമെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതിഷ് റെഡ്ഢി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാംദിനം 44 റണ്‍സിനിടെത്തന്നെ നാലുവിക്കറ്റുകള്‍ നഷ്ടമായി. യശസ്വി ജയ്സ്വാള്‍ (4), ശുഭ്മാന്‍ ഗില്‍ (1), വിരാട് കോലി (3), ഋഷഭ് പന്ത് (9) എന്നിവര്‍ നിരാശപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker