ന്യൂഡൽഹി: ഇസ്ലാമോഫോബിയ തടയാനുള്ള കരട് പ്രമേയത്തെ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ എതിര്‍ത്ത് ഇന്ത്യന്‍ പ്രതിനിധി രുചിര കംബോജ് . ഹിന്ദു, സിഖ്, ബുദ്ധ ഉള്‍പ്പടെയുള്ള മറ്റ് മത വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ടെന്നുള്ളത് അംഗീകരിക്കണമെന്നും രുചിര പ്രതികരിച്ചു.
ഇസ്ലാമോഫോബിയക്കെതിരായി പാകിസ്താന്‍ അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ സഭയില്‍ 115 രാജ്യങ്ങള്‍ അനുകൂലിക്കുകയും ഇന്ത്യ, യുക്രൈന്‍, യു.കെ, ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി 44 രാജ്യങ്ങള്‍ വിട്ട്‌നില്‍ക്കുകയുംചെയ്തു.
120 കോടി ഹിന്ദു മതസ്തരും 51.5 കോടി ബുദ്ധ മതസ്തരും മൂന്ന് കോടി വിശ്വാസികളുള്ള സിഖ് മതസ്തരും ലോകത്തൊട്ടാകെ നടക്കുന്ന മത വിരുദ്ധതയുടെ ഇരകളാകുന്നുണ്ടന്നും യു.എന്‍ ജനറല്‍ അസബ്ലിയില്‍ ഇന്ത്യന്‍ പ്രതിനിധി ഓര്‍മപ്പെടുത്തി.
ജൂത, ക്രൈസ്തവ, ഇസ്ലാം മത വിശ്വാസികള്‍ക്ക് നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളെയും അപലപിക്കുന്നതായും സെമറ്റിക് മതങ്ങള്‍ക്കെതിരെ മാത്രമല്ല മത വിരുദ്ധത നിലനില്‍ക്കുന്നതെന്ന് അംഗീകരിക്കണമെന്നും ഐക്യ രാഷ്ടസഭയിലെ ഇന്ത്യന്‍ പ്രതിനിധിയായ രുചിര കംബോജ് പറഞ്ഞു.ഇസ്ലാമോഫോബിയ ചെറുക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിക്കണമെന്ന പ്രമേയത്തെയും ഇന്ത്യ എതിര്‍ത്തു.