അവസാന പന്തില്‍ മൂന്നു റണ്ണെടുത്ത് സമനില, സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് തോല്‍വി;വൈഡ് ബോളില്‍ വിജയ റണ്‍

അവസാനപന്തിൽ 3 റൺസ് ഓടിയെടുത്ത് ടൈ ആക്കി ഇന്ത്യ എ, സൂപ്പർ ഓവറിൽ അടപടലം; വൈഡിൽ ബംഗ്ലാദേശിന്റെ വിജയറൺ

ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റിൽ ഇന്ത്യ എ ഫൈനൽ കാണാതെ പുറത്ത്. സെമിയിൽ ബംഗ്ലാദേശ് എ യാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ ഓവറിലാണ് ബംഗ്ലാദേശിന്റെ ജയം. പാകിസ്താൻ എ – ശ്രീലങ്ക എ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലിൽ ബംഗ്ലാദേശ് എയുടെ എതിരാളികൾ.

സെമിയിൽ നിശ്ചിത ഓവറിലെ മത്സരം ടൈ ആയതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് നീണ്ടത്. ബംഗ്ലാദേശ് ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തിരുന്നു. അവസാന പന്തിൽ നാലുറൺസ് വേണ്ടിയിരുന്ന ഇന്ത്യ എ മൂന്നുറൺസ് ഓടിയെടുത്താണ് മത്സരം ടൈ ആക്കിയത്. എന്നാൽ സൂപ്പർ ഓവറിൽ ഇന്ത്യ എ നിരാശപ്പെടുത്തി. ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ ഇന്നിങ്സ് പൂജ്യത്തിന് അവസാനിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനും അദ്യ പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം പന്ത് വൈഡായതോടെ ബംഗ്ലാദേശ് വിജയതീരത്തെത്തി.

ബംഗ്ലാദേശ് എ ഉയർത്തിയ 195 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എക്കായി ആദ്യ ഓവറിൽ തന്നെ 19 റൺസെടുത്താണ് വൈഭവ് ഇന്നിങ്സ് ആരംഭിച്ചത്. രണ്ടാം ഓവറിലും ബംഗ്ലാദേശ് ബൗളർമാരെ പ്രഹരിച്ചതോടെ ടീം 33 റൺസിലെത്തി. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ എ മൂന്നോവറിൽ 49 റൺസ് അടിച്ചെടുത്തു. എന്നാൽ നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. 15 പന്തിൽ നിന്ന് 38 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ നമാന്‍ ധിറും(7) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി.

എന്നാല്‍ പ്രിയാന്‍ഷ് ആര്യ ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. ജിതേഷ് ശര്‍മയെ ഒരുവശത്തുനിര്‍ത്തി പ്രിയാന്‍ഷ് സ്‌കോറുയര്‍ത്തി. അതോടെ ടീം ഒന്‍പതോവറില്‍ 97 റണ്‍സെന്ന നിലയിലായി. എന്നാല്‍ പത്താം ഓവറില്‍ പ്രിയാന്‍ഷ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ജിതേഷ് ശര്‍മയും നേഹല്‍ വധേരയുമാണ് പിന്നീട് ഇന്ത്യ എയെ മുന്നോട്ടുനയിച്ചത്. ഇരുവരും റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ ഇന്ത്യയുടെ റണ്‍റേറ്റ് കുറഞ്ഞു.

13 ഓവറില്‍ 119-3 എന്ന നിലയിലായിരുന്നു ഇന്ത്യ എ. എന്നാല്‍ ജിതേഷും നേഹല്‍ വധേരയും സ്‌കോറിങ്ങിന് വേഗത കൂട്ടി. അതോടെ ടീം 15 ഓവറില്‍ 150 ലെത്തി. 23 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത് ജിതേഷ് പുറത്തായെങ്കിലും വധേരയും രമണ്‍ദീപ് സിങ്ങും ടീമിന് ജയപ്രതീക്ഷ നൽകി. അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ അഞ്ചുപന്തിൽ നിന്ന് 12 റൺസെടുത്തതോടെ അവസാനപന്തിൽ ലക്ഷ്യം നാലുറൺസായി. ഹർഷ് ദുബെ അടിച്ച ഷോട്ടിൽ ഇന്ത്യ മൂന്ന് റൺസ് ഓടിയെടുത്തതോടെ മത്സരം ടൈ ആയി. സൂപ്പർ ഓവറിൽ ഇന്ത്യ എ ഉയർത്തിയ ഒരു റൺ ലക്ഷ്യം വൈഡിന്റെ പിൻബലത്തിൽ ബംഗ്ലാദേശ് മറികടന്നു.

നേരത്തേ ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എ നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എ ടീമിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഹബിബുര്‍ റഹ്‌മാനും ജിഷാന്‍ ആലമും തകര്‍ത്തടിച്ച് തുടങ്ങിയതോടെ ടീം നാലോവറില്‍ 43 റണ്‍സിലെത്തി. എന്നാല്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചു. ജിഷാന്‍ ആലം(26), സവാദ് അബ്രാര്‍(13), അക്ബര്‍ അലി(9), അബു ഹൈദര്‍(0) എന്നിവര്‍ വേഗം മടങ്ങി. എന്നാല്‍ ഒരുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ഓപ്പണര്‍ ഹബിബുര്‍ ബംഗ്ലാദേശ് സ്‌കോര്‍ ഉയര്‍ത്തി. അര്‍ധസെഞ്ചുറി തികച്ച താരം സ്‌കോര്‍ 126 ല്‍ നില്‍ക്കേയാണ് പുറത്തായത്. ഹബിബുര്‍ 46 പന്തില്‍ നിന്ന് 65 റണ്‍സെടുത്തു.

18 ഓവര്‍ അവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അവസാന രണ്ടോവറുകളില്‍ വെടിക്കെട്ട് നടത്തിയ ബംഗ്ലാദേശ് 194 റണ്‍സിലെത്തി. എസ്എം മെഹറോബും യാസിര്‍ അലിയുമാണ് വെടിക്കെട്ട് നടത്തിയത്. നമാന്‍ ധിര്‍ എറിഞ്ഞ പത്തൊന്‍പതാം ഓവറില്‍ മെഹറോബ് 28 റണ്‍സ് അടിച്ചെടുത്തു. നാല് സിക്‌സറുകളും ഒരു ഫോറും താരം നേടി. 20-ാം ഓവറില്‍ യാസിര്‍ അലിയും തകര്‍ത്തടിച്ചു. 22 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അവസാന ഓവറില്‍ നേടിയത്. അതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് ആറുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സിലെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News