അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചു; ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ; ഒടുവിൽ അമ്മയും ചോദിച്ചു; തുറന്ന് പറഞ്ഞ് സ്വാസ്തിക

കൊച്ചി:സിനിമാ ലോകത്ത് നടിമാർക്ക് പലപ്പോഴും പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. കാസ്റ്റിം​ഗ് കൗച്ച്, അവസരം വാ​ഗ്ദാനം ചെയ്ത് കബളിപ്പിക്കൽ, സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കൽ തുടങ്ങി പല തരത്തിലുള്ള പ്രശ്നങ്ങളെക്കുറിച്ച് നടിമാർ തുറന്ന് സംസാരിച്ചിട്ടുണ്ട്. മീടൂ മൂവ്മെന്റ് നടന്ന സമയത്താണ് സിനിമാ രം​ഗത്ത് നടിമാർക്കെതിരെ നടന്ന ചൂഷണ കഥകൾ മറനീക്കി പുറത്ത് വന്നത്.

ഇത്തരം തുറന്ന് പറച്ചിലുകൾ ബോളിവുഡ് മുതൽ മോളിവുഡിൽ വരെ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ രം​ഗത്ത് നിന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ബം​ഗാളി നടി സ്വാസ്തിക.

തന്റെ പേരിൽ വന്ന ഒരു ഫേക്ക് എംഎംഎസ് സ്കാൻഡലിനെക്കുറിച്ചാണ് സ്വാസ്തിക സംസാരിച്ചത്. ഇതിന്റെ പേരിൽ ബന്ധുക്കളും നാട്ടുകാരും തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും സ്വാസ്തിക സംസാരിച്ചു. സിനിമയിലെ ഒരു രം​ഗമാണ് നടിയുടെ പേരിൽ പ്രചരിച്ചത്.

നായികയുടെ കഥ പറയുന്ന ടേക്ക് വൺ എന്ന സിനിമ ഞാൻ ചെയ്തിരുന്നു. നായികയുടെ ഒരു ഇന്റിമേറ്റ് രം​ഗം ലീക്ക് ആവുകയും അശ്ലീല ദൃശ്യമായി പ്രചരിക്കുകയും ചെയ്യുന്നതായിരുന്നു കഥ. ഈ സംഭവം അവളുടെ കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നു.

അവൾ മദ്യത്തിനും മയക്കു മരുന്നിനും അടിമ ആവുന്നു. അവൾ ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. ഈ കഥ തന്റെ ജീവിതമാണെന്ന തരത്തിൽ വ്യഖ്യാനിക്കുകയുണ്ടായെന്ന് സ്വാസ്തിക പറയുന്നു. ഈ രം​ഗം തന്റെ പേരിൽ പ്രചരിക്കുകയും ചെയ്തു. യഥാർത്ഥ ജീവിതത്തിൽ സ്വാസ്തികയും സിം​ഗിൾ മദറാണ്.

ബന്ധുക്കളിൽ പലരും എന്റെ മാതാപിതാക്കളെ വിളിച്ചു. നിങ്ങളുടെ മകൾ രാവിലെ മുതൽ മദ്യപാനമാണല്ലേ, നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചു. പത്ത് ദിവസത്തിനുള്ളിൽ അമ്മയുടെ ക്ഷമ നശിച്ച് ദേഷ്യം വന്നു. യു സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമയിൽ അഭിനയിച്ചാലെന്താണ് നിനക്ക്. കുട്ടികളുടെ സിനിമകളിൽ അഭിനയിക്കൂ, എന്തിനാണ് മദ്യപാനികളുടെ വേഷം ചെയ്യുന്നതെന്ന് ചോദിച്ചെന്നും സ്വാസ്തിക പറഞ്ഞു.

അമ്മയായതിന്റെ പേരിൽ തനിക്ക് സിനിമാ ലോകത്ത് അവ​ഗണ നേരിടേണ്ടി വന്നെന്നും സ്വാസ്തിക പറഞ്ഞു. 21 വയസ്സേ തനിക്ക് അന്നുള്ളൂ. പക്ഷെ ഒരു കുട്ടിയുടെ അമ്മ ആയതിനാൽ അവസരങ്ങൾ നൽകാൻ ചിലർ മടിച്ചു.

കരിയർ തുടങ്ങിയ സമയത്ത് താൻ അമ്മയാണെന്ന കാര്യം മറച്ച് വെക്കാൻ പലരും ഉപദേശിച്ചെന്നും സ്വാസ്തിക ഓർത്തു. നേരത്തെ പല തവണ സ്വാസ്തികയുടെ പേരിൽ അശ്ലീല ദൃശ്യങ്ങൾ ഇറങ്ങിയിരുന്നു. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ സ്വാസ്തിക തയ്യാറായില്ല.

ബം​ഗാളി സിനിമാ ലോകത്ത് പ്രശസ്ത ആയ സ്വാസ്തിക ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഖാല ആണ് സ്വാസ്തികയുടെ പുറത്തിറങ്ങാനിരിക്കുന്ന ഹിന്ദി സിനിമ. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ ആണ് സ്വാസ്തിക ഇതേ പറ്റി സംസാരിച്ചത്.

പ്രമുഖ ബം​ഗാളി നടൻ അന്തരിച്ച ശന്തു മുഖർജിയുടെ മകളാണ് സ്വാസ്തിക മുഖർജി. 2014 ലാണ് സ്വാസ്തിക ഹിന്ദി സിനിമയിലേക്ക് ചുവടു വെക്കുന്നത്. ബം​ഗാളി ഭാഷയിൽ ശ്രദ്ധിക്കപ്പെട്ട നിരവധി സിനിമകളിൽ സ്വാസ്തിക അഭിനയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News