27.8 C
Kottayam
Tuesday, May 28, 2024

സംസ്ഥാനത്ത് കൂട്ടിയ വൈദ്യുതി നിരക്കുകള്‍ പ്രാബല്യത്തില്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഒരു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനവാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുന്നതെന്ന് റെഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോവിഡ് പരിഗണിച്ചാണ് നീണ്ട കാലത്തെ നിരക്ക് വര്‍ധന ഒഴിവാക്കിയത്. വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കും താരിഫ് വര്‍ധനയില്ല.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സൗജന്യ നിരക്ക് തുടരും.

ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവര്‍ക്ക് താരിഫ് വര്‍ധനയില്ല.

പെട്ടിക്കടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്നും 2000 വാട്ടായി വര്‍ധിപ്പിച്ചു. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക്‌ എനര്‍ജി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല.

10 കിലോവാട്ട് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫില്‍ വര്‍ധനവ്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 പൈസ വരെയാണ്.

സംസ്ഥാനത്ത് 25 ലക്ഷം ഉപഭോക്താക്കള്‍ പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. ഇവരെ ബാധിക്കാതെയാണ് നിരക്ക് കൂടുന്നത്. 1000 വാട്ട് വരെ കണ്‍ക്ടഡ് ലോഡുള്ള പ്രതിമാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബി പി എല്ലുകാര്‍ക്ക് നിരക്ക് വര്‍ദ്ധനയില്ല.

പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീട്ടു കണക്ഷന് യൂണിറ്റിന് 25 പൈസ വീതം കൂടി. 150 മുതല്‍ 200 യൂണിറ്റ് വരെ സിംഗിള്‍ ഫേസുകാര്‍ക്ക് ഫിക്സഡ് ചാര്‍ജ് 100 ല്‍ നിന്ന് 160 രൂപയാക്കി. മാസം 100 യൂണിറ്റ് ഉപയോഗിക്കുന്നതിന് ഇപ്പോള്‍ നല്‍കേണ്ട 388 രൂപ ഇനി മുതല്‍ 410 ആയി. 300 യൂണിറ്റ് ഉപയോഗിക്കണമെങ്കില്‍ 140 രൂപ അധികം നല്‍കണം. 1990 രൂപയാണ് പുതുക്കിയ ചാര്‍ജ്ജ്. 500 യൂണിറ്റിന് 4000 രൂപയും 550 യൂണിറ്റിന് 4900 രൂപയുമാണ് പുതിയ നിരക്ക്.

സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെയെല്ലാം വൈദ്യുതി നിരക്ക് താരിഫുയര്‍ത്തിയിട്ടുണ്ട്. പ്രതിമാസം ഫിക്‌സഡ് ചാര്‍ജ് അഞ്ചുരൂപയും വൈദ്യുതി നിരക്ക് 500 യൂണിറ്റുവരെ യൂണിറ്റ് ഒന്നിന് 10 പൈസയും 501ന് മുകളില്‍ 15 പൈസയും വര്‍ധിപ്പിച്ചു. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍, ആദായ നികുതി ഓഫിസുകള്‍ എന്നിവക്ക് ഫിക്‌സഡ് നിരക്ക് കൂട്ടിയില്ലെങ്കിലും യൂണിറ്റിന് 15 പൈസയുടെ വര്‍ധന വരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജലഅതോറിറ്റി എന്നിവക്ക് ഫിക്‌സഡ് നിരക്ക് 10 രൂപയും വൈദ്യുതി നിരക്ക് യൂനിറ്റിന് 15 പൈസയും കൂട്ടി. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ക്ക് ഫിക്‌സഡ് നിരക്ക് 15 രൂപയും വൈദ്യുതി നിരക്ക് യൂണിറ്റിന് 50 പൈസയും കൂട്ടി. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഉപഭോക്താക്കളില്‍നിന്ന് എട്ടുരൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week