ന്യൂഡല്‍ഹി: നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ വലിയ സംഖ്യ നിക്ഷേപിച്ചിട്ടുണ്ടോ? ആദായനികുതി വകുപ്പ് ആവശ്യപ്പെടുമ്പോള്‍ അതിന്റെ സ്രോതസ് വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് കനത്ത പിഴയാണ് .ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 69 (എ) പ്രകാരം, സ്രോതസ് വ്യക്തമല്ലാത്ത പണം, സ്വര്‍ണം, ആഭരണങ്ങള്‍ ഉള്‍പ്പെടെ മറ്റ് അമൂല്യവസ്തുക്കള്‍ എന്നിവ കണ്ടെത്തിയാല്‍ 83.25 ശതമാനം ആദായ നികുതി അടയ്‌ക്കേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
ഇതില്‍ 60 ശതമാനം നികുതിയും ആറു ശതമാനം പിഴയും ബാക്കി സര്‍ചാര്‍ജുമാണ്. മുന്‍ സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അക്കൗണ്ടിലെ തുകയെക്കുറിച്ച് ചോദ്യങ്ങളുണ്ടാവും. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍, നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണമൊഴുകിയിരുന്നു. ഇവയെല്ലാം നിരീക്ഷിച്ച് നടപടിയെടുക്കുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ നീക്കം.
കള്ളപ്പണം വെളുപ്പിക്കാന്‍ നികുതിവെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയവരെ പിടിക്കാന്‍ ഗോള്‍ഡ് ആംനെസ്റ്റി സ്‌കീമും കേന്ദ്രം ആലോചിക്കുന്നുണ്ട്. കള്ളസ്വര്‍ണം കൈയിലുള്ളവര്‍ക്ക് സ്വയം അത് വെളിപ്പെടുത്തി, ആനുപാതിക നികുതിയും പിഴയും ഒടുക്കാം. വെളിപ്പെടുത്താത്തവര്‍ക്കെതിരെ നിയമനടപടിയുണ്ടാകും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയശേഷമേ പദ്ധതി നടപ്പാക്കൂ