തിരുവനന്തപുരത്ത് നവജാത ശിശുവിനെ മൂന്നുലക്ഷം രൂപയ്ക്ക് വിറ്റു; വീണ്ടെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വില്‍പന നടത്തിയതായി റിപ്പോര്‍ട്ട്. തൈക്കാട് ആശുപത്രിയിലാണ് മൂന്നുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍പന നടത്തിയതെന്നാണ് സൂചന. വാങ്ങിയ ആളില്‍നിന്ന് പോലീസ് കുട്ടിയെ വീണ്ടെടുത്തു.

ഈ മാസം ഏഴിന് തൈക്കാട്ടെ ഗവണ്‍മെന്റ് ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാത ശിശുവിനെ വിറ്റതായാണ് പോലീസ് കണ്ടെത്തിയത്. പത്താം തീയതിയാണ് വില്‍പന നടന്നത്. മൂന്നു ലക്ഷം രൂപ നല്‍കി കരമന സ്വദേശികളാണ് കുഞ്ഞിനെ വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്‌പെഷല്‍ ബ്രാഞ്ചിന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ വാങ്ങിയവരില്‍നിന്ന് ശിശുവിനെ വീണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. നിലവില്‍ കുഞ്ഞ് ശിശുക്ഷേമ സമതിയുടെ സംരക്ഷണയിലാണുള്ളത്.

കുഞ്ഞിനെ വാങ്ങിയ ആള്‍ പോലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. തങ്ങള്‍ക്ക് വളര്‍ത്താന്‍വേണ്ടിയാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് ഇവര്‍ പോലീസിനോട് നല്‍കിയ മൊഴി. സംഭവത്തില്‍ ഉടന്‍തന്നെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News