ബെംഗളൂരു: രാജ്യസഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. കർണാടകയിലെ 4 സീറ്റിലേക്ക് 5 മത്സരാർത്ഥികളായിരുന്നു ആകെ ഉണ്ടായിരുന്നത്. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജിസി ചന്ദ്രശേഖർ എന്നിവരായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍. ബി ജെ പിയിൽ നിന്ന് നാരായണ ബാൻഡേജും ജെ ഡി എസ് സ്ഥാനാർത്ഥിയായി കുപേന്ദ്ര റെഡ്ഡി എന്നിവരും മത്സരിച്ചു.
കർണാടക നിയമസഭയിൽ ആകെ 224 അംഗങ്ങളാണുള്ളത്. അഞ്ച് സ്ഥാനാർത്ഥികളില്‍ ഒരോരുത്തർക്കും വിജയിക്കാൻ വേണ്ടിയിരുന്നത് 45 വോട്ടായിരുന്നു. 66 അംഗങ്ങളുള്ളെ ബി ജെ പിക്ക് ഒരു സീറ്റിലും കോണ്‍ഗ്രസിന് രണ്ട് സീറ്റിലും വിജയം ഉറപ്പാണ്. എച്ച്‌ഡി കുമാരസ്വാമിയുടെ പാർട്ടിക്ക് നിയമസഭയിൽ 19 എം എൽ എമാരുണ്ട്.
ബി ജെ പി എം എൽ എമാരുടെ പിന്തുണയോടെ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ജെ ഡി എസ്. ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാർത്ഥികളും ബി ജെ പിയുടെ ഏക സ്ഥാനാർത്ഥിയും വിജയിച്ചു. ജെ ഡി എസ് സ്ഥാനാർത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.
“എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും ആദ്യ റൗണ്ടിൽ തന്നെ ആവശ്യമായ 4500 വോട്ടുകളുടെ ക്വാട്ട യോഗ്യത നേടി വിജയിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എൻ്റെ എല്ലാ വോട്ടർമാർക്കും നിയമസഭാംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ മൂന്ന് കോൺഗ്രസുകാർക്ക് ടിക്കറ്റ് നൽകിയതിന് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നു.” കെ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ പറഞ്ഞു.
“ഈ വിജയം സാധ്യമാക്കിയ കോൺഗ്രസ് നിയമസഭാംഗങ്ങളുടെയും തങ്ങള്‍ക്ക് വോട്ട് ചെയ്ത മറ്റ് നിയമസഭാംഗങ്ങളുടെയും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, തത്വങ്ങൾ, ജനാധിപത്യം ബോധ്യം എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു. ഇത് ജനാധിപത്യത്തിൻ്റെയും ഇന്ത്യയുടെയും കന്നഡക്കാരുടെ ആത്മാഭിമാനത്തിൻ്റെയും നിർണായക വിജയമാണ്” വിജയത്തിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബി ജെ പി വിപ്പ് ലംഘിച്ച് മുന്‍മന്ത്രി എസ് ടി സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു. മറ്റൊരു എം എല്‍ എ ശിവരാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബി ജെ പി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശിവരാം ഹെബ്ബാറിനെതിരേയും പാര്‍ട്ടി പരാതി നല്‍കിയേക്കും.