
പട്ന: ബിഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണറെ കണ്ടാണ് നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയത്. ആർജെഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവർണർക്കു കൈമാറി. ഇനി ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സർക്കാർ രൂപീകരിക്കാൻ അവകാശവാദവുമായി നിതീഷ് കുമാർ വീണ്ടും ഗവർണറെ കാണുമെന്നാണ് റിപ്പോർട്ട്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണു വിവരം. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെഡിയു–ആർജെഡി–കോൺഗ്രസ് സഖ്യ സർക്കാരാകും രൂപീകരിക്കുക. 16 എംഎല്‍എമാരുള്ള ഇടതുപാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.
∙ പാർട്ടി പിന്തുണ ഉറപ്പാക്കി രാജി
നേരത്തെ, ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ കൂടി പിന്തുണ ഉറപ്പാക്കിയാണ് നിതീഷ് കൂമാർ രാജി സമർപ്പിച്ചത്. ജെഡിയുവിനെ പിളര്‍ത്താന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആശങ്കയാണ് സഖ്യം വിടാന്‍ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണു റിപ്പോര്‍ട്ട്.
രാഷ്ട്രീയ ജനതാദള്‍ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ പട്‌നയിലെ വസതിയിൽ ആർജെഡി എംഎൽഎമാരും നേതാക്കളും യോഗം ചേർന്നു. ഈ യോഗത്തിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ആർജെഡി – കോൺഗ്രസ് കൂടിക്കാഴ്ചയും നടന്നു. നിതീഷ് കുമാർ ബിജെപി വിട്ടാൽ സഖ്യത്തിന് തയാറാണെന്ന് ആർജെഡിയും കോൺഗ്രസും സൂചിപ്പിച്ചിരുന്നു. ഹിന്ദുസ്ഥാൻ അവാം മോർച്ചയും സിപിഐഎംഎല്ലും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ വീണ്ടും ചേരേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചതായി ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിങ് പ്രഖ്യാപിച്ചിരുന്നു.
∙ മുൻപേ സൂചന നൽകി നിതീഷ്
അടുത്തിടെ ചില സുപ്രധാന ചടങ്ങുകളിൽനിന്ന് വിട്ടുനിന്ന നിതീഷ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അധികാരമേൽക്കുന്ന ചടങ്ങിലും മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ വിടവാങ്ങൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തില്ല. ഞായറാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും വിട്ടുനിന്നു. കോവിഡ് അനന്തര ബുദ്ധിമുട്ടുകളാണ് വിട്ടുനിൽക്കാൻ കാരണമെന്നാണ് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ വിശദീകരിച്ചത്.
എന്നാൽ, ഇതേ ദിവസങ്ങളിൽ മറ്റു യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. നേരത്തെ കോവിഡ് വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ച യോഗത്തിലും സ്വാതന്ത്ര്യദിനാഘോഷത്തെപ്പറ്റി ചർച്ച ചെയ്യാൻ അമിത്ഷാ വിളിച്ച യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് ഫോണിൽ ചർച്ച നടത്തിയെന്നു വാർത്തയുണ്ടെങ്കിലും ഇക്കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചില്ല.
2013ൽ നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതു മുതൽ ബിജെപിയോട് അതൃപ്തിയുണ്ടായിരുന്ന നിതീഷ് കുമാർ രണ്ട് വർഷത്തിന് ശേഷം ആർജെഡിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയിരുന്നു. എന്നാൽ 2017-ൽ തേജസ്വി യാദവിനെതിരായ അഴിമതി ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ആർജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.
∙ ഇനി പുതിയ സർക്കാർ, പഴയ മുഖ്യമന്ത്രി
എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ, ഇനി ആർജെഡി സഖ്യത്തിന്റെ പിന്തുണയോടെ നിതീഷ് വീണ്ടും സർക്കാർ രൂപീകരിക്കും. ആർജെഡി സഖ്യം–110, എൻഡിഎ സഖ്യം 125 എന്നിങ്ങനെയാണ് കക്ഷിനില. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർജെഡി–75, ബിജെപി–74, ജെഡിയു–43, ഇടതുപക്ഷം– 16 എന്നിങ്ങനെയായിരുന്നു വിജയം.
എന്നാൽ വികാശീൽ ഇൻസാഫ് പാർട്ടിയിലെ 3 അംഗങ്ങൾ മാർച്ചിൽ ബിജെപിയിൽ ചേർന്നിരുന്നു. എന്നാല്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ നാല് എംഎല്‍എമാര്‍ അടുത്തിടെ ആര്‍ജെഡിക്കൊപ്പം ചേര്‍ന്നതോടെ ലാലുവിന്റെ പാര്‍ട്ടിയായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി.