കെ എം ഷാജിക്ക് ആശ്വാസം; പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി ∙ പ്ലസ് ടു കോഴക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ ഹർജി കോടതി അംഗീകരിച്ചു. അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. 2020ലാണ് കേസ് റജിസ്റ്റർ ചെയ്തത്.

2013ൽ അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020 ജനുവരിയിലാണ് കെ.എം.ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് റജിസ്റ്റർ ചെയ്തത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎം നേതാവ് കുടുവൻ പദ്‌മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്.

തുടര്‍ന്ന് ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്ത് ഉള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലന്‍സ് ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 47,35,500 രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ ഈ പണം തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നും തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പണം തിരിച്ചുനൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News