ഇമ്രാൻ ഖാൻ്റെ ആരോഗ്യ നില ഗുരുതരം? ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ഇസ്‌ലാമാബാദ് : മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിൽ സെല്ലിൽനിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. എഴുപത്തിമൂന്നുകാരനായ ഇമ്രാന്റെ കാഴ്ച്ചയെ സാരമായി ബാധിക്കുന്ന പ്രശ്‌നത്തിനാണ് ആശുപത്രിയിലേക്കു മാറ്റിയതെന്നാണ് റിപ്പോർട്ട്. അതേസമയം, കുടുംബത്തെയോ രാഷ്ട്രീയ പ്രതിനിധികളെയോ മുൻകൂട്ടി അറിയിക്കാതെ ഇമ്രാൻ ഖാനെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ആരോപിച്ചു.

‘ഇമ്രാന്റെ വലതുകണ്ണിന്റെ ഞരമ്പിൽ തടസ്സമുണ്ടെന്ന് കണ്ടെത്തി. കൃത്യസമയത്തും ശരിയായ രീതിയിലും ചികിത്സിച്ചില്ലെങ്കിൽ അന്ധത സംഭവിക്കാൻ ഉയർന്ന സാധ്യതയുള്ള ഒരു മെഡിക്കൽ അവസ്ഥയാണിത്.’ പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.

ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. ഖാന്റെ വ്യക്തിഗത ഡോക്ടർമാരെ മാസങ്ങളോളം അദ്ദേഹത്തെ പരിശോധിക്കാൻ ജയിൽ അധികൃതർ അനുവദിച്ചിരുന്നില്ലെന്ന് പാർട്ടി ആരോപിച്ചു. അഭിഭാഷകർ, മുതിർന്ന പി.ടി.ഐ നേതാക്കൾ, അദ്ദേഹത്തിന്റെ സഹോദരിമാർ എന്നിവർക്ക് മൂന്നുമാസത്തോളമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നു.

അദിയാല ജയിലിന് പുറത്ത് പ്രവേശനമാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ കണ്ണീർ വാതകവും ജലപീരങ്കിയും കൊണ്ടാണ് അധികൃതർ നേരിട്ടത്. ‘ഞങ്ങളുടെ സഹോദരൻ ഇമ്രാൻ ഖാനെ രാത്രിയുടെ മറവിൽ ചികിത്സയുടെ പേരിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം അവിടെ നിർത്തിയ ശേഷം, അദിയാല ജയിലിലേക്ക് തിരിച്ചയച്ചു. ഈ വാർത്ത സത്യമാണെങ്കിൽ, അത് വെറും അടിച്ചമർത്തൽ മാത്രമല്ല, അതൊരു കുറ്റകൃത്യമാണ്.’ ഇമ്രാന്റെ സഹോദരി നൂറിൻ നിസാജി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News