KeralaNews

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി, ആശുപത്രി വിടും

ബെംഗളൂരു: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിക്ക് തത്കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം ചികിത്സ പൂർത്തിയാക്കാൻ വീണ്ടും ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യും. ഈ സാഹചര്യത്തിൽ തത്കാലം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് കുടുംബം അറിയിച്ചു. ബെംഗളൂരുവിൽ തന്നെ തുടരാനാണ് തീരുമാനം.

ഇമ്മ്യൂണോതെറാപ്പി എന്ന ചികിത്സാ രീതിയാണ് ഉമ്മൻചാണ്ടിയ്ക്ക് ഇപ്പോൾ നൽകി വരുന്നത്. ബെംഗളുരു എച്ച്സിജി ആശുപത്രിയിലെ ഡോ. യു എസ് വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.  ഉമ്മൻ‌ചാണ്ടിയെ നാല് ദിവസം മുൻപ് സ്കാനിങ്ങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ ഫലം പരിശോധിച്ചാണ് ഇമ്മ്യൂണോതെറാപ്പിയാണ് ഉചിതമെന്ന് ഡോക്ടർമാർ തീരുമാനിച്ചത്. പത്തോളജിസ്റ്റുകൾ, ജീനോമിക് വിദഗ്ധർ, ന്യൂട്രീഷ്യനിസ്റ്റുകൾ അടക്കമുള്ള ആരോഗ്യ വിദഗ്ധരും ഉമ്മൻചാണ്ടിയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘത്തിൽ ഉണ്ട്.

ഉമ്മൻ ചാണ്ടിയെ അഡ്മിറ്റ് ചെയ്തപ്പോൾ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് പോഷകാഹാരക്കുറവുണ്ടായിരുന്നു. അത് പരിഹരിക്കാൻ വേണ്ട ചികിത്സാക്രമമാണ് ഡോക്ടർമാർ നിശ്ചയിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button