ബാര്‍ബഡോസ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 20 റണ്‍സെടുത്ത ഷമ്രാ ബ്രൂക്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി രവി ബിഷ്ണോയ്, രവി അശ്വിന്‍, അര്‍ഷദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 190-6, വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 122-8. ദിനേശ് കാര്‍ത്തിക്കാണ് കളിയിലെ താരം.
ഓപ്പണര്‍ കെയ്ല്‍ മയേവ്സിനെ മടക്കി അര്‍ഷദീപ് സിംഗാണ് വിന്‍ഡീസ് തകര്‍ച്ചക്ക് തുടക്കമിട്ടത്. വണ്‍ ഡൗണായി എത്തിയ ജേസണ്‍ ഹോള്‍ഡറെ(0) അക്കൗണ്ട് തുറക്കും മുമ്പെ ജഡേജ മടക്കി. ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും(18) ചോപ് സ്കോററായ ബ്രൂക്സും(20) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബ്രൂക്സിനെ ഭുവിയും പുരാനെ അശ്വിനും മടക്കി.
വമ്പനടിക്കാരായ റൊവ്മാന്‍ പവലിനെ(14) രവി ബിഷ്ണോയ് കറക്കി വീഴ്ത്തിയപ്പോള്‍ വിന്‍ഡീസിന്‍റെ അവസാന പ്രതീക്ഷയായിരുന്ന ഷിമ്രോണ്‍ ഹെറ്റ്മെയറെ(14) അശ്വിന്‍ ബൗണ്ടറിയില്‍ സൂര്യകുമാറിന്‍റെ കൈകളിലെത്തിച്ചു. 19 റണ്‍സുമായി കീമോ പോളും അഞ്ച് റണ്‍സോടെ അല്‍സാരി ജോസഫും പുറത്താകാതെ നിന്നു.
ഇന്ത്യക്കായി അര്‍ഷദീപ് നാലോവറില്‍ 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ബിഷ്ണോയ് 26 റണ്‍സിനും അശ്വിന്‍ 22 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സെടുത്തത്. 44 പന്തില്‍ 64 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത്തിനും ദിനേശ് കാര്‍ത്തിക്കിനും ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ ഇന്നിംഗ്സില്‍ തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക് നട ത്തിയ ഫിനിഷിംഗാണ് ഇന്ത്യയെ 190 റണ്‍സിലെത്തിത്തച്ചത്. കാര്‍ത്തിക് 19 പന്തില്‍ 41 റണ്‍സെടുത്തു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്തിന് പകരം സൂര്യകുമാര്‍ യാദവ് ആണ് ഓപ്പണറായി എത്തിയത്. തുടക്കത്തില്‍ ഒന്ന് രണ്ട് അവസരങ്ങള്‍ നല്‍കിയെങ്കിലും സൂര്യകുമാറും രോഹിത്തും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.4 ഓവറില്‍ 44 റണ്‍സടിച്ചു. വണ്‍ ഡൗണായി എത്തിയ ശ്രേയസ് അയ്യര്‍ക്ക് ക്രീസില്‍ അധികം ആയുസുണ്ടായില്ല. നാലു പന്ത് നേരിട്ട അയ്യര്‍ പൂജ്യനായി മടങ്ങി. റിഷഭ് പന്ത് രോഹിത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ദീര്‍ഘിച്ചില്ല.
14 റണ്‍സെടുത്ത റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യയും(1) വീണതോടെ ഇന്ത്യ പതറി. നല്ല തുടക്കമിട്ടെങ്കിലും രവീന്ദ്ര ജഡേജക്കും(16) അധികം മുന്നോട്ടു പോവാനായില്ല. പതിനാറാം ഓവറില്‍ 138-6 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ ദിനേശ് കാര്‍ത്തിക്കും അശ്വിനും ചേര്‍ന്ന് അവസാന നാലോവറില്‍ 52 റണ്‍സടിച്ച് 190 റണ്‍സിലെത്തിക്കുകയായിരുന്നു.
19 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക് ഒബേഡ് മക്കോയി എറിഞ്ഞ ഇരുപതാം ഓവറില്‍ 15ഉം ജേസള്‍ ഹോള്‍ഡര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 21 ഉം റണ്‍സടിച്ചാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. കാര്‍ത്തിക്കിനൊപ്പം അശ്വിന്‍(10 പന്തില്‍ 13) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന പരമ്പര കളിച്ച ടീമില്‍ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങിയത്. ക്യാപ്റ്റന്‍ സ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ഭുവനേശ്വര്‍ കുമാറും ദിനേശ് കാര്‍ത്തിക്കും രവീന്ദ്ര ജഡേജയും അര്‍ഷദീപ് സിംഗും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.