സൗദിയുടെ വിസ നിയമത്തില്‍ സുപ്രധാന മാറ്റം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടി?

റിയാദ്: ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുള്ള വിസ നിയമത്തില്‍ സുപ്രധാന മാറ്റം വരുത്തിയിരിക്കുകയാണ് സൗദി അറേബ്യ. 14 രാജ്യങ്ങളെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളില്‍ നിന്ന് സിംഗില്‍ എന്‍ട്രി വിസയിലേക്ക് പരിമിതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സൗദി. 2025 ഫെബ്രുവരി 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള സന്ദര്‍ശന വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീര്‍ഥാടകര്‍ ഉണ്ടാക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ കൂടിയാണ് സൗദിയുടെ പുതിയ നീക്കം.

അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, പാകിസ്ഥാന്‍, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം, ബിസിനസ്, കുടുംബ സന്ദര്‍ശനങ്ങള്‍ക്കുള്ള ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ അനുവദിക്കുന്നത് സൗദി ഭരണകൂടം അനിശ്ചിതകാലത്തേക്ക് നീക്കിവച്ചിരിക്കുന്നുവെന്നാണ് വിവരം.

ഈ 14 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സിംഗിള്‍ എന്‍ട്രി വിസകള്‍ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. ഇതിന് 30 ദിവസത്തെ കാലാവധി മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഹജ്ജ്, ഉംറ, ഡിപ്ലോമാറ്റിക്ക്, റെസിഡന്‍സി വിസകളെ ഇത് ബാധിക്കില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ സിംഗിള്‍ എന്‍ട്രി വിസകളിലേക്ക് പരിമിതപ്പെടുത്തിയത്. ചിലര്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കുകയും പിന്നീട് ശരിയായ അനുമതിയില്ലാതെ ജോലി ചെയ്യുന്നതിനോ ഹജ്ജ് നിര്‍വഹിക്കുന്നതിനോ അമിതമായി തങ്ങുന്നു.

എന്നാല്‍ പുതിയ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പ്രവാസികളെയാണ്. ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ഉപയോഗിച്ചാണ് പ്രവാസി കുടുംബങ്ങള്‍ സൗദിയിലേക്ക് എത്തിയിരുന്നത്. ഈ വിസകളില്‍ എത്തുന്നവര്‍ക്ക് മൂന്ന് മാസം വരെ തുടര്‍ച്ചയായി രാജ്യത്ത് നില്‍ക്കാന്‍ സാധിക്കും. പിന്നീട് ഓണ്‍ലൈന്‍ വഴിയോ സൗദിക്ക് പുറത്ത് പോയി വന്നോ വിസ പുതുക്കാന്‍ സാധിക്കും. ഇങ്ങനെ ഒരു വര്‍ഷം വരെ സൗദിയില്‍ തുടരാമായിരുന്നു. എങ്കില്‍ ഇനിയിത് ലഭ്യമാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News