കോഴിക്കോട്∙ ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത ശേഷം മുഴുവന്‍ വാടക നല്‍കാതെ മുങ്ങിയ സിറ്റി ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജനെ സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ ഉത്തരവിട്ടു.
മേയ് 10നാണ് സംഭവമുണ്ടായത്. ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത ശേഷം ‘ടൗണ്‍ എസ്ഐ’ ആണെന്ന് പറഞ്ഞാണ് മുഴുവന്‍ വാടകയും നല്‍കാതെ ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന്‍ ഹോട്ടലില്‍ നിന്ന് സ്ഥലം വിട്ടത്.
2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ടൗണ്‍ എസ്ഐ അല്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ടൗണ്‍ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന്‍ ആണെന്ന് കണ്ടെത്തി. ഇതോടെ ഉദ്യോഗസ്ഥനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. രണ്ടുദിവസം കഴിഞ്ഞ് കോഴിക്കോട്ടേയ്ക്ക് തിരിച്ചും നിയമിച്ചു. ഈ ഉത്തരവും ഇപ്പോള്‍ റദ്ദാക്കി.
തെക്കന്‍ ജില്ലയിലെ ഒരു ഘടകകക്ഷി മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വയനാട്ടിലേക്ക് മാറ്റിയ ഉദ്യോഗസ്ഥനെ കോഴിക്കോട്ടേയ്ക്ക് തിരിച്ചെത്തിച്ചതെന്നാണ് സൂചന. സംഭവം വിവാദമായതോടെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്.