തിരുവനന്തപുരം: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്ന് ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനുള്ള ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്തിയത് സ്വാഗതം ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). സുരക്ഷിതമായി ആത്മവിശ്വാസത്തോടെ ചികിത്സിക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടികള്‍ രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കാന്‍ സഹായിക്കുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
7 വര്‍ഷം വരെ തടവും, ഒരു കൊല്ലത്തിനകം കോടതിവിധി വരാന്‍ പ്രത്യേക കോടതികളും, രണ്ടു മാസത്തിനകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നടപടികളും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയത്വത്തെക്കുറിച്ച് എത്രയും വേഗം അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണം. ഡോ.വന്ദനാ ദാസിന്റെ കുടുംബത്തിനു നല്‍കേണ്ട നഷ്ടപരിഹാരം മാതാപിതാക്കളുമായി കൂടിയാലോചിച്ച് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളും ആശുപത്രിക്കു പുറത്തുവച്ചുള്ള ആക്രമണങ്ങളും നിയമപരിധിയില്‍ കൊണ്ടുവരണം. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.
ഇതുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ കർശനമായി നടപ്പിലാക്കാൻ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. ഓര്‍ഡിനന്‍സ് എത്രയും വേഗം നിയമമായി പ്രാബല്യത്തില്‍ വരുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.