ഡ്രൈ ഡേയില്‍ അടക്കം മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയിൽ പിടിയിലായി.  മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ പോലും ഇവർ മദ്യ വിൽപ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. സംഭവത്തിൽ 37കാരിയായ രേഷ്മയെയാണ് പൊലീസ് പിടികൂടിയത്.  

എറണാകുളം മാർക്കറ്റ് കനാൽ റോഡിലാണ് മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. 

തുടർന്ന് പൊലീസ് ഇവരെ മദ്യകുപ്പികളോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സംഘത്തിൽ പ്രിൻസിപ്പൽ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവിൽ പൊലീസ് ഓഫീസർ ബേസിൽ എന്നിവരും ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News