രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും; ‘പാസ്ഡ് ബൈ സെന്‍സര്‍’ ഉദ്ഘാടന ചിത്രം
തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ നടി ശാരദ വിശിഷ്ടാതിഥിയാകും. തുര്‍ക്കിയില്‍ നിന്നുളള പാസ്ഡ് ബൈ സെന്‍സര്‍ ആണ് ഉദ്ഘാടന ചിത്രം.
73 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 14 സ്‌ക്രീനുകളിലായി 15 വിഭാഗങ്ങളിലാണ് പ്രദര്‍ശനം. രാവിലെ 10 മണിക്ക് പ്രദര്‍ശനം തുടങ്ങും. മൂന്നാംലോക സിനിമ പ്രസ്ഥാനത്തിന്റെ അമരക്കാരനായ അര്‍ജന്റീനിന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാന്‍സിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിക്കും.
10,500 ഡെലിഗേറ്റുകളാണ് മേളയ്ക്കായി രജിസ്റ്റര്‍ ചെയ്തതത്. ഒമ്പതിനായിരത്തോളം പേര്‍ക്ക് ഒരേ സമയം സിനിമ കാണാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ മൊബൈല്‍ അപ്ലിക്കേഷനും ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും ആര്‍ കെ കൃഷാന്തിന്റെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറയാണ് ജൂറി ചെയര്‍മാന്‍.