കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനും കോണ്‍ഗ്രസ് എം പി കെ മുരളീധരനും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കമായോന്ന് വി മുളീധരനോട് കെ മുരളീധരന്‍ ചോദിച്ചു. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയര്‍ത്തിയ വിമര്‍ശനങ്ങളെ ചൊല്ലിയാണ് രണ്ട് പേരും തമ്മില്‍ വാക്‌പോര് തുടങ്ങിയത്.
‘ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിച്ചാല്‍ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കം. ഞാന്‍ നാലു് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണ്,’ കെ മുരളീധരന്‍ പറഞ്ഞു. വന്ദേഭാരത് ട്രെയിന്‍ ആരുടെയും ഔദാര്യമല്ലെന്നും, ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടാണ് കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് ഉദ്ഘാടനം ബി ജെ പിയുടെ പരിപാടിയാക്കി മാറ്റുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നലെയായിരുന്നു വി മുരളീധരന്‍ രംഗത്തെത്തിയത്. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എം പിക്കും നല്‍കിയത് കൊണ്ടാണ് കെ മുരളീധരന്‍ വിമര്‍ശിക്കുന്നത് എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.
എം പിമാര്‍ക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ലെന്നും ജനാധിപത്യത്തില്‍ ജനങ്ങളുടെ സേവകനാണ് എം പിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികള്‍ ആഗ്രഹിക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോന്നു പറയുന്ന രീതിയാണ് കെ മുരളീധരന്റേതെന്നും വി മുരളീധരന്‍ പരിഹസിച്ചിരുന്നു.
താന്‍ കഴിഞ്ഞ 50 വര്‍ഷമായി ഒറ്റ ആശയവും ഒറ്റ പ്രത്യയശാസ്ത്രവും ഒറ്റ പ്രസ്ഥാനവും എന്ന നിലയ്ക്കാണ് മുന്നോട്ട് പോകുന്നതെന്നും വി മുരളീധരന്‍ പറഞ്ഞിരുന്നു. കെ മുരളീധരന്‍ ഓരോ ഘട്ടത്തിലും സാഹചര്യം അനുസരിച്ച് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയത്. 50 വര്‍ഷത്തെ പാരമ്പര്യമുള്ള ആള്‍ ഒരു പഞ്ചായത്തലേക്കെങ്കിലും മത്സരിച്ച് ജയിച്ചാല്‍ സമസ്താപരാധം പറയാമെന്നായിരുന്നു മുരളി പറഞ്ഞത്.
അതുവരെ അദ്ദേഹം പറയുന്ന ജല്‍പനങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. താന്‍ വ്യക്തിപരമായല്ല പറഞ്ഞത് എന്നും കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ തറ രാഷ്ട്രീയം കളിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.