KeralaNews

പൊതുസ്ഥലത്ത് മാലിന്യമെറിഞ്ഞാൽ വാഹനം പിടിച്ചെടുക്കും, വിട്ടുകിട്ടണമെങ്കില്‍ ഹൈക്കോടതിയില്‍ പോകണം; പിഴ 10,000-ത്തിന് മുകളിൽ

കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ ആക്ടിനുപുറമെ വാട്ടർ ആക്ട് അടക്കമുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തി ഉയർന്ന പിഴ ഈടാക്കാനും നിർദേശിച്ചു. മുനിസിപ്പൽ ആക്ടിൽ 10,000 രൂപവരെ പിഴ ഈടാക്കാൻ വ്യവസ്ഥയുള്ളതും കോടതി ചൂണ്ടിക്കാട്ടി.

മാലിന്യം ഫലപ്രദമായി സംസ്കരിക്കാത്ത വാണിജ്യസ്ഥാപനങ്ങൾക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണം. ബ്രഹ്മപുരത്തെ മാലിന്യമല ദിവസങ്ങളോളം കത്തിയസംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയയെടുത്ത കേസാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

മാലിന്യസംസ്കരണത്തിൽ ക്രിയാത്മക ഉത്തരവ് പുറപ്പെടുവിച്ച കാസർകോട് കളക്ടർക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. മാലിന്യസംസ്കരണത്തിൽ വീഴ്ചവരുത്തിയ മംഗൽപാടി ഗ്രാമപ്പഞ്ചായത്തിന്റെ ഭരണം ഏറ്റെടുക്കുമെന്ന്‌ കാസർകോട് കളക്ടറായിരുന്ന സ്വാഗത് ആർ. ഭണ്ഡാരി പ്രഖ്യാപിച്ചിരുന്നു. മംഗൽപാടി പഞ്ചായത്ത് പരിധിയിൽ ദേശിയപാതയോരങ്ങളിലടക്കം മാലിന്യം നീക്കംചെയ്യാത്തതിനെ തുടർന്നായിരുന്നു കളക്ടർ അന്ത്യശാസനം നൽകിയത്. ഇതിനെയാണ് കോടതി അഭിനന്ദിച്ചത്.

മാലിന്യസംസ്കരണപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണസ്വാതന്ത്ര്യം ഉണ്ട്. പദ്ധതി ഫലപ്രദമായില്ലെങ്കിൽ തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമായിരിക്കും ഉത്തരവാദിത്വമെന്നും കോടതി മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം കോർപ്പറേഷൻ മാലിന്യസംസ്കരണത്തിനായി പുതിയ പദ്ധതിക്ക് രൂപം നൽകിയതായി അറിയിച്ചപ്പോഴായിരുന്നു ഇത്. തദ്ദേശസ്ഥാപനങ്ങളുടെ അഡീഷണൽ സെക്രട്ടറി ശാരദ മുരളീധരൻ, മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ, എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്ദുൾ ഖാദർ തുടങ്ങിയവർ നേരിട്ട് ഹാജരായി. വിഷയത്തിൽ കുഞ്ഞാലിക്കുട്ടി എം.എൽ.എ. കക്ഷിചേർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button