News

‘ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലല്ല, അമേഠിയിൽ മത്സരിക്കണം’: രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലല്ല, ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്ന് മത്സരിക്കണമെന്നു വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേഠിയെ ഉപേക്ഷിച്ചു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. അമേഠിയിലെ ജനങ്ങള്‍ക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമായ വീഥികള്‍ വിളിച്ചു പറയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലെത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ വെല്ലുവിളിച്ചത്. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയില്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ടിരുന്നു. 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി അന്നു വിജയിച്ചത്.

80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 2019ല്‍ ഒരു സീറ്റു മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. റായ്ബറേലിയില്‍നിന്ന് സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി. ഇത്തവണ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയില്‍ പുതിയ സ്ഥാനാര്‍ഥിയാവും നില്‍ക്കുക.

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് 37 ദിവസം പൂര്‍ത്തിയാക്കും. ബാബുഗഞ്ചില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച രാത്രി അമേഠിയില്‍ തങ്ങുന്ന സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button