കൊച്ചി:പ്രായത്തെ വെല്ലുന്ന സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയുമായി മലയാളികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്ന മുഖമാണ് മഞ്ജു വാര്യരുടേത്. ഒരിടവേളയ്ക്ക് ശേഷം മഞ്ജു വീണ്ടും മോളിവുഡില്‍ സജീവമായിരിക്കുകയാണ്.
എന്ത് കൊണ്ടാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് എന്നതിന് പല കാരണങ്ങളാണ്. നടിയുടെ അഭിനയ മികവിനെ ഇഷ്ടപ്പെടുന്നവരാണ് ഒരു കൂട്ടം. മറ്റൊരു വിഭാഗം പ്രേക്ഷകർക്ക് മഞ്ജു സ്വന്തം വീട്ടിലെ വെറും കുട്ടിയെ പോലെ ആണ് കാണുന്നത്.
നടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ കൊണ്ട് നടിക്ക് സ്നേഹപൂർവം പിന്തുണ നൽകുന്നവരും ഏറെയാണ്. മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ് .
ആ 13 വർഷക്കാലവും മഞ്ജുവിന്റെ വിടവ് നികത്താൻ പാകത്തിന് ഒരു നടി മലയാളത്തിൽ വന്നില്ല. അഭിനയ മികവുള്ള നടിമാർ നിരവധി വന്നെങ്കിലും മഞ്ജുവിന് ലഭിച്ച പോലത്തെ കഥാപാത്രങ്ങൾ ഇവരെ തേടി വന്നില്ല. നല്ല സിനിമകൾ ലഭിച്ചവർക്കും പക്ഷെ മഞ്ജുവിന് കിട്ടിയ അതേ സ്വീകാര്യത കിട്ടിയില്ലെന്നതും കൗതുകകരമാണ്.
2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ നടിയെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു. സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവിനെ പറ്റി തിലകൻ, ശ്രീവിദ്യ തുടങ്ങിയ പ്രഗൽഭരായ അഭിനേതാക്കൾ പ്രശംസിച്ചിട്ടുണ്ട്.
തിരിച്ചു വരവിൽ ഇതു പോലുള്ള കഥാപാത്രങ്ങൾ മഞ്ജുവിനെ തേടി വന്നില്ലെന്നത് വാസ്തവം ആണ്. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ രണ്ടാം വരവിൽ പ്രേക്ഷക പ്രീതി നേടിയുള്ളൂ. എന്നാൽ സിനിമകളുടെ വിജയ പരാജയങ്ങൾക്ക് അപ്പുറത്ത് മഞ്ജുവിന്റെ താരമൂല്യം അത് പോലെ നില നിൽക്കുന്നു.
ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ മഞ്ജു പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാലം മുന്നോട്ടും പിന്നോട്ടും പോവുന്ന ടൈം മെഷീൻ കിട്ടിയാൽ എങ്ങോട്ട് പോവുമെന്ന ചോദ്യത്തിന് മഞ്ജു മറുപടി നൽകി.
പിറകിലോട്ട് പോവുമെന്നാണ് മഞ്ജു പറഞ്ഞു. നാലഞ്ച് വർഷം പിറകോട്ട് പോവും. വേറൊന്നുമല്ല, അച്ഛനുണ്ടായിരുന്ന സമയത്തേക്ക് തിരിച്ച് പോവാൻ വേണ്ടി ആണ്, മഞ്ജു പറഞ്ഞു. റെഡ് എഫ് എമ്മിനോടാണ് പ്രതികരണം.മരിച്ച് പോയ തന്റെ അച്ഛനെ പറ്റി മഞ്ജു മുൻപും സംസാരിച്ചിട്ടുണ്ട്. 2018 ലാണ് മഞ്ജുവിന്റെ പിതാവ് ടിവി മാധവൻ മരണപ്പെടുന്നത്. കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു നടിയുടെ അച്ഛൻ.
കാൻസർ രോഗികൾക്കായി നിരവധി ചാരിറ്റി വർക്കുകൾ മഞ്ജു ഇപ്പോഴും നടത്തുന്നുണ്ട്. അച്ഛന്റെ വിയർപ്പ് തുള്ളികളാൽ കോർത്തിണക്കിയതാണ് എന്റെ ചിലങ്ക എന്ന് മഞ്ജു മുമ്പൊരിക്കൽ പറഞ്ഞിരുന്നു.മഞ്ജുവിന്റെ അമ്മയും കാൻസർ രോഗത്തെ അതിജീവിച്ചതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ വളരെ സ്വകാര്യത കാണിക്കുന്ന മഞ്ജു അപൂർവം അവസരങ്ങളിലേ ഇതേക്കുറിച്ചെല്ലാം സംസാരിച്ചിട്ടുള്ളൂ.
ആയിഷ എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.