കൊച്ചി:വികൃതിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് വിന്‍സി അലോഷ്യസ്. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ സൗബിന്‍റെ നായികയായിട്ടായിരുന്നു വിന്‍സി എത്തിയത്. നായികാനായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വിൻസി അലോഷ്യസ്.
പിന്നീടാണ് സിനിമയിലെത്തുന്നത്. വികൃതിയില്‍ സീനത്ത് എന്ന കഥാപാത്രമായാണ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് വിന്‍സി. വികൃതിക്ക് ശേഷം നിരവധി സിനിമകളിൽ വിൻസിക്ക് നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്.
സിനിമാ പാരമ്പര്യമില്ലാതെ സ്വന്തം കഴിവുകൊണ്ടാണ് വിൻസി ഇന്ന് മലയാള സിനിമയിലെ യുവനടിയായി മാറിയത്. വിൻസിയുടെ ഏറ്റവും പുതിയ സിനിമ രേഖയാണ്. സിനിമയുടെ രചനയും ജിതിന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദി എസ്‌കേപ് മീഡിയം, മിലന്‍ വി. എസ്, നിഖില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷന്‍സാണ് രേഖ തിയേറ്ററുകളില്‍ എത്തിക്കുന്നത്.
രേഖയുടെ റിലീസിനോട് അനുബന്ധിച്ച് ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിൻസി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പെൺകുട്ടികൾക്ക് സേഫായ സ്ഥലമല്ല സിനിമാ മേഖലയെന്ന് തന്റെ നാട്ടിലെ പലർക്കും ഇപ്പോഴും ചിന്തയുണ്ടെന്ന് പറയുകയാണ് വിൻസി.
‘രേഖ എന്ന കഥാപാത്രം എല്ലവരും നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ഒരു കുട്ടിയാണ്. നാട്ടിൻ പുറത്തെ കഥയാണ് സിനിമ പറയുന്നത്. ചെറിയ സ്റ്റണ്ട് പരിപാടിയൊക്കെ ഉണ്ട്. ചെറുതായി നടുവ് ഉളുക്കി ആശുപത്രിയിലായിരുന്നു. രേഖയിലെ കഥാപാത്രം വന്നത് മറ്റൊരു നടിക്ക് ആ കഥ ഇഷ്ടപ്പെടാത്തതുകൊണ്ടാണ്. ഭയങ്കര സ്ക്രിപ്റ്റ് സെലക്ഷൻ നേരത്തെ ചെയ്തിരുന്നില്ല.’
‘ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്. കഥ കേൾക്കുമ്പോൾ കിട്ടുന്ന ഇംപാക്ടും എന്റെ കഥാപാത്രത്തിന്റെ ഇംപോർട്ടൻസും വെച്ചാണ് സിനിമ സെലക്ട് ചെയ്യുന്നത്. രേഖയിലെ കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചിരുന്നു.’
‘മേക്കപ്പ് ചെറുതായി ഉപയോഗിക്കാറുണ്ട്. ആർകിടെക്ചറാണ് പഠിച്ചത്. പക്ഷെ പ്രാക്ടീസ് ചെയ്യുന്നില്ല. പഠിക്കുന്ന സമയത്താണ് നായിക നായകനിൽ പങ്കെടുക്കാൻ പോയത്. ഓഡീഷന് പോകുന്നതെങ്ങനെ എന്ന് പോലും പണ്ട് അറിയില്ലായിരുന്നു. ആദ്യമായി ഞാൻ പോയ ഓഡീഷൻ നായിക നായകനാണ്.’
‘നായിക നായകന്റെ ഷൂട്ട് നടക്കുമ്പോൾ വീട്ടുകാർക്ക് അറിയില്ലായിരുന്നു. പിന്നെ ടെലികാസ്റ്റിങ് അടുത്തപ്പോഴാണ് വീട്ടിൽ പറഞ്ഞത്. ആദ്യം അവർ സമ്മതിച്ചില്ല. വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കാൻ കുറച്ച് ബുദ്ധിമുട്ടി. പെർഫോമൻസ് കണ്ട് ആളുകൾ അഭിപ്രായം പറഞ്ഞ് തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഓക്കെയായത്.’
‘ഇപ്പോൾ അവർ പറയുന്നത് സിനിമ ചെയ്യാനാണ്. എന്റെ നാട്ടിലുള്ളവർ ചോദിക്കാറുണ്ട് സിനിമാ മേഖലയിൽ ഓക്കെ അല്ലേ..? പ്രശ്നങ്ങളൊന്നുമില്ലല്ലോയെന്ന്. കാരണം സിനിമ ജീവിതം പെൺകുട്ടികൾ സേഫ് അല്ലെന്ന ചിന്താഗതി അവർക്കുണ്ട്. അടുത്തിടെ പെരുന്നാളിന് പോയപ്പോൾ ഒരു ചേച്ചി എന്നോട് പറഞ്ഞത് പെട്ടന്ന് കെട്ടിക്കോളൂ ഇല്ലേൽ ചീത്തപ്പേര് വരും എന്നാണ്’ വിൻസി അലോഷ്യസ് പറഞ്ഞു.