രജനിക്ക് ബിഎംഡബ്ല്യുവെങ്കില്‍ നെല്‍സണ് പോര്‍ഷെ; കൂടുതല്‍ വിലയുള്ള കാര്‍ സമ്മാനമായി സ്വീകരിച്ച് സംവിധായകന്‍
ചെന്നൈ:തങ്ങളുടെ ഏറ്റവും പുതിയ ചിത്രം ജയിലര്‍ വന്‍ വിജയം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. വിജയാഘോഷങ്ങളുടെ ഭാഗമായി രജനികാന്തിന് ഒരു ചെക്ക് ഇന്നലെ അവര്‍ കൈമാറിയിരുന്നു. 100 കോടി രൂപയുടെ ചെക്ക് ആണ് സണ്‍ പിക്ചേഴ്സ് ഉടമ കലാനിധി മാരന്‍ രജനിക്ക് കൈമാറിയത്.
രജനിക്ക് പ്രതിഫലമായി നല്‍കിയ 110 കോടിക്ക് പുറമെ പ്രോഫിറ്റ് ഷെയറിംഗിന്‍റെ ഭാഗമായി നല്‍കിയതായിരുന്നു ഈ 100 കോടി. ഒപ്പം ബിഎംഡബ്ല്യുവിന്‍റെ എക്സ് 7 കാറും നല്‍കി. നായക താരത്തിന് വിജയത്തിന്‍റെ ഷെയര്‍ നല്‍കിയതിന് ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാറിനും സമ്മാനം നല്‍കിയിരിക്കുകയാണ് സണ്‍ പിക്ചേഴ്സ്.
നെല്‍സണ് ഒരു ചെക്ക് നല്‍കുന്നതിന്‍റെ ചിത്രം സണ്‍ പിക്ചേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. പിന്നാലെ ഒരു ആഡംബര കാറും നല്‍കി. രജനികാന്തിനെപ്പോലെ നല്‍കിയിരിക്കുന്നതില്‍ നിന്ന് ഇഷ്ട കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം നെല്‍സണും അവര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം പോര്‍ഷെയുടെ മക്കാന്‍ എസ് എന്ന മോഡലാണ് നെല്‍സണ്‍ തെരഞ്ഞെടുത്തത്. 1.44 കോടിയാണ് ഇതിന്‍റെ വില.
To celebrate the grand success of #Jailer, Mr.Kalanithi Maran presented the key of a brand new Porsche car to @Nelsondilpkumar #JailerSuccessCelebrations pic.twitter.com/kHTzEtnChr
— Sun Pictures (@sunpictures) September 1, 2023
രജനി സമ്മാനമായി കൈപ്പറ്റിയ ബിഎംഡബ്ല്യു എക്സ് 7 ന്‍റെ വില 1.24 കോടിയാണ്. 1.95 കോടി വിലവരുന്ന ബിഎംഡബ്ല്യുവിന്‍റെതന്നെ ഐ 7 തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരുന്നപ്പോഴാണ് രജനി 1.24 കോടിയുടെ കാര്‍ സ്വീകരിച്ചത്. അതേസമയം നെല്‍സന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ജയിലര്‍.
രണ്ടാഴ്ച കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 525 കോടിയാണ് ചിത്രം നേടിയത്. കേരളത്തിലും വന്‍ പ്രതികരണവും കളക്ഷനുമാണ് ചിത്രത്തിന്. 50 കോടിയിലേറെയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രത്തിന് ലഭിച്ചത്.