EntertainmentKeralaNews

‘കത്തനാറി’ൽ ജയസൂര്യയോടൊപ്പം അനുഷ്കയും; വരവറിയിച്ച് പുതിയ വീഡിയോ

കൊച്ചി:ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’ സിനിമയുടെ ഫസ്റ്റ് ​ഗ്ലിംസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ​ഗംഭീര പ്രതികരണമാണ് ഫസ്റ്റ് ​ഗ്ലിംസ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകര്‍.

ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന്‍റെ ആദ്യ മലയാള സിനിമ കൂടിയാണിത്.

https://www.instagram.com/reel/CwptCIbRK_T/?utm_source=ig_web_copy_link

ഇന്ത്യൻ സിനിമയിൽ നാഴികകല്ലായി മാറാൻ ഒരുങ്ങുന്ന സിനിമയുടേതായെത്തിയിരിക്കുന്ന ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്. ഫാന്‍റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടേതായി കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്ന ​ഗ്ലിംസ് വീഡിയോ. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കത്തനാര്‍’.

വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് സിനിമയെത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ‘ജംഗിൾ ബുക്ക്’, ‘ലയൺ കിങ്’ തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ ‘കത്തനാര്‍’ ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം.

ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ത്രീഡിയിൽ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം: രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ്: വി.സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍: വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ്: സെന്തിൽ നാഥൻ, കോസ്റ്റ്യും ഡിസൈനര്‍: ഉത്തര മേനോൻ

മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍: ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിംഗ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: ഗോപേഷ് ശരത്, ഷാലം, ഗാനരചന: അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍: അനക്സ് കുര്യൻ, അലീൻ ജോണി, സ്പെൽസ്: ഭാവദാസ്, സ്റ്റിൽസ്: റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ: പോയെറ്റിക്, പി ആർ & മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker