കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ക്കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി അന്വേഷണ സംഘം. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസിയില്ലാത്ത സാഹചര്യത്തില്‍ അയല്‍രാജ്യമായ അര്‍മേനിയയിലെ എംബസിയുമായി കൊച്ചി സിറ്റി പൊലീസ് വിദേശകാര്യ വകുപ്പിന്റെ സഹായത്തോടെ ബന്ധപ്പെടുകയായിരുന്നു.
ദുബായില്‍ ഒളിവില്‍ക്കഴിഞ്ഞ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നുവെന്ന നിഗമനത്തിലാണ് പുതിയ നീക്കം. ജോര്‍ജിയയുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നതാകാം അവിടേയ്ക്ക് കടന്നതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. 24നുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനും പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.
പാസ്പോര്‍ട്ട് റദ്ദാക്കി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 24ന് തിരിച്ചെത്തുമെന്ന് വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചിരുന്നു.
കേസിന്റെ വിവരങ്ങളും വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ രേഖകളും വിദേശകാര്യ മന്ത്രാലയംവഴി ജോര്‍ജി?യന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും മുമ്പാണ് വിജയ് ദുബായ് വിട്ടത്. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം റദ്ദാക്കിയതിനാല്‍ ഇനി മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യാനാകില്ല.
എയര്‍പോര്‍ട്ടിലെത്തിയാല്‍ പിടികൂടി ഉടന്‍ ഇന്ത്യയിലേക്ക് അയയ്ക്കും. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലും ബ്ലൂകോര്‍ണര്‍ നോട്ടീസുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയതിനാലും വിസയും ഉടനെ റദ്ദാകും. തുടര്‍ന്നുള്ള താമസം അനധികൃതമാകും.