തിരുവനന്തപുരം: മാസപ്പടി ജിഎസ്ടി വിഷയത്തിൽ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു.
വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയും. താൻ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞിടത്താണ് പിശകാണെങ്കിൽ മാപ്പ് പറയും. മറിച്ചാണെങ്കിൽ എന്താണെന്ന് എകെ ബാലൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വീണ വിജയൻ ഐജിഎസ്ടി അടച്ചെന്ന നികുതി വകുപ്പ് കമ്മീഷണറുടെ റിപ്പോർട്ട് ആയുധമാക്കുകയാണ് സിപിഎം. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുകയെന്നാണ് ഇന്ന് മാസപ്പടി വിവാദത്തിൽ എകെ ബാലൻ ആവശ്യപ്പെട്ടത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്.
അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് യുഡിഎഫും കോൺഗ്രസുമെന്ന് വിമർശിച്ച ബാലൻ ഇത് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.