കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൃഷ്ണപ്രസാദ്. സിനിമയിലും സീരിയലിലുമെല്ലാം സജീവ സാന്നിധ്യമാണ് കൃഷ്ണ പ്രസാദ്. കര്‍ഷകന്‍ എന്ന നിലയിലും പേരെടുത്തിട്ടുണ്ട് കൃഷ്ണ പ്രസാദ്. നടന്‍ മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്ത അനുഭവമുണ്ട് കൃഷ്ണ പ്രസാദിന്. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള മറക്കാനാകാത്തൊരു അനുഭവം പങ്കുവെക്കുകയാണ് കൃഷ്ണ പ്രസാദ്.
കാന്‍ ചാനല്‍ മീഡിയയ്ക്ക്് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണ പ്രസാദ് മനസ് തുറന്നിരിക്കുന്നത്. മോഹന്‍ലാല്‍ തനിക്ക് തന്റെ ചേട്ടനെ പോലെയാണെന്നാണ് താരം പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എനിക്കത് വളരെ ഇമോഷണലാണ്. അച്ഛന്റേയും അമ്മയുടേയും കാര്യം എനിക്ക് വളരെ ഇമോഷണലാണ്. അമ്മ നേരത്തേ നഷ്ടമായി. സ്‌കൂള്‍ ജീവിതം കഴിഞ്ഞപ്പോള്‍ തന്നെ അമ്മയെ നഷ്ടമായി. അമ്മയ്ക്ക് ട്യൂമറായിരുന്നു. എനിക്ക് ലാലേട്ടനെ മറക്കാന്‍ പറ്റാത്തത് അതാണ്. അമ്മ മരിച്ച ശേഷം ഞാന്‍ എല്ലാ വര്‍ഷവും ബലിയിടുമായിരുന്നു.
തലേദിവസം അസോസിയേറ്റിനോട് നാളെ ഞാന്‍ കാണില്ല ബലിയിടാന്‍ പോകണമെന്ന് പറഞ്ഞിരുന്നു. ഉച്ചയായപ്പോള്‍ ലാലേട്ടന്‍ മോന്‍ നാളെ കാണില്ലേ എന്ന് ചോദിച്ചു. അമ്മ മരിച്ച കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. ഉച്ച കഴിഞ്ഞ് ലൊക്കേഷന്‍ ഷിഫ്റ്റ് ചെയ്തു. പോകാന്‍ പറ്റില്ല നാളെ ഷൂട്ട് വച്ചിട്ടുണ്ടെന്ന് അസോസിയേറ്റ് പറഞ്ഞു. ഞാനങ്ങ് ഉരുകി വെണ്ണീറാവുക എന്ന അവസ്ഥയായി.
അടുത്ത സീന്‍ ലാലേട്ടനുമായിട്ടാണ്. ഡെസ്പ് ആയിട്ടാണ് ചെയ്തത്. അത് കഴിഞ്ഞ് ലാലേട്ടന്‍ എന്നെ വിളിച്ചു. മോനേ നാളെ എപ്പോഴാണ് അവിടെ എന്ന് ചോദിച്ചു. തിരിച്ച് എപ്പോള്‍ വരാന്‍ പറ്റുമെന്ന് ചോദിച്ചു. ഞാന്‍ സമയം പറഞ്ഞപ്പോള്‍ മോന്‍ അപ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞു. പിന്നെയാണ് ഞാന്‍ കാര്യം അറിയുന്നത്. അദ്ദേഹത്തിന്റെ മഹത്വം.
പിറ്റേദിവസം ഇന്ന സീന്‍ ആണ് ഷൂട്ട് ചെയ്യുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ കൃഷ്ണ പ്രസാദ് ഉണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആ പയ്യന്റെ അമ്മയുടെ കര്‍മ്മമല്ലേ അതിന് പോകണ്ടേയെന്ന് ചോദിച്ചു. അതൊന്നും കുഴപ്പമില്ലെന്നാണ് അസോസിയേറ്റ് പറഞ്ഞത്. നിങ്ങള്‍ക്ക് അമ്മയുണ്ടോ എന്ന് ലാലേട്ടന്‍ ചോദിച്ചു. ഞാന്‍ ചെയ്യില്ലെന്ന് അസോസിയേറ്റ് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ അമ്മയോട് ചെയ്യുന്നില്ലെന്ന് അവന്‍ അവന്റെ അമ്മയ്ക്ക് വേണ്ടി ചെയ്യരുതെന്ന് പറയാനാകില്ല.
നാളെ രാവിലെ അവനുമായിട്ടുള്ള സീനാണ് എനിക്ക് വെക്കുന്നതെങ്കില്‍ ഞാന്‍ കാണില്ല എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അദ്ദേഹത്തിന് അത് ചിന്തിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് തന്റെ സീന്‍ തീര്‍ത്താല്‍ മതി. എന്റെ അമ്മയുടെ കര്‍മമൊന്നും അറിയേണ്ടതില്ല. അന്ന് വൈകുന്നേരം ഞാന്‍ അവിടെ നിന്നും പോന്നു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ബന്ധവും കടപ്പാടും സ്‌നേഹവുമാണ് ലാലേട്ടനുമായിട്ട്.
ജീവിക്കുന്നവരോട് നമുക്ക് എന്ത് ഒഴിവുകഴിവുകള്‍ പറയാം. പക്ഷെ നമുക്ക് ജന്മം നല്‍കിയവര്‍ക്ക് കര്‍മം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മകന്‍ എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.
വര്‍ഷങ്ങളായുള്ള സൗഹൃദമാണ് ലാലേട്ടനുമായി. ഞാന്‍ ഒരിക്കലും ആ സൗഹൃദത്തെ മിസ് യൂസ് ചെയ്തിട്ടില്ല. മിസ് യൂസ് ചെയ്താല്‍ ആ സൗഹൃദത്തില്‍ പോറല്‍ വീഴും. എന്റെ ജേഷ്ഠനെ പോലെയാണ്. അദ്ദേഹം അന്നങ്ങനെ ചെയ്തതോടെ എന്റെ മൂത്ത ഹോദരനായിട്ടാണ് കാണുന്നത്. നാളെ അദ്ദേഹം എന്നോട് ഒരു സിനിമയില്‍ നിന്നും കട്ട് ചെയ്തുവെന്ന് പറഞ്ഞാല്‍ പോലും എനിക്കൊരു വിരോധവും തോന്നില്ല.
അദ്ദേഹം എനിക്കായി ചെയ്തത് അതിലും ഒരുപാട് മുകളിലാണ്. എന്റെ ഈ ജന്മം കൊണ്ട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് എനിക്ക് അദ്ദേഹത്തോട്. ആ സൗഹൃദം ഇന്നുമുണ്ട്. വീട്ടില്‍ വന്നിട്ടുണ്ട്. എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ കാര്യമാണത്.