കൊച്ചി:മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടൻ ധ്യാൻ ശ്രീനിവാസൻ. സാധാരണ സിനിമകളിലൂടെയാണ് താരങ്ങൾ ജനപ്രീതി നേടുന്നതെങ്കിൽ അഭിമുഖങ്ങളിലൂടെ അത് സ്വന്തമാക്കിയ നടനാണ് ധ്യാൻ. സിനിമയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും അഭിമുഖങ്ങളിൽ എത്തുന്ന ധ്യാനെയാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം. കേട്ടിരിക്കുന്നവരെ രസിപ്പിക്കുന്ന രസക്കൂട്ടുകള്‍ ചേര്‍ത്ത് കഥ പറയാന്‍ ധ്യാനോളം മിടുക്കുള്ള മറ്റൊരാളുണ്ടാകില്ല എന്നതാണ് സത്യം.
അഭിമുഖങ്ങളിൽ മറയില്ലാതെ സംസാരിക്കുന്നതും ധ്യാനിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ തന്റെ സഹപ്രവർത്തകയായ ഹണി റോസിനെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഹണി റോസ് നല്ല സൗന്ദര്യമുള്ള നടിയാണെന്നും ടീച്ചറായിരുന്നെങ്കിൽ ഒറ്റദിവസവും കുട്ടികൾ ക്ലാസ് മിസ് ചെയ്യില്ലെന്നും ധ്യാൻ പറയുന്നു.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിൽ എത്തിയില്ലെങ്കിൽ ഏത് പ്രൊഫഷനിലായിരിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ധ്യാൻ.
തന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ അജു വർഗീസ്, നയൻതാര, ഫഹദ് ഫാസിൽ, പൃഥ്വിരാജ് എന്നിവരെ കുറിച്ചും ധ്യാൻ സംസാരിച്ചു. ഹണി റോസിനെ കുറിച്ചുള്ള ചോദ്യത്തിന് അവരെ തനിക്ക് പേഴ്‌സണലി അറിയില്ലെന്നും അതുകൊണ്ട് അത്തരത്തില്‍ പറയാന്‍ കഴിയില്ലെന്നുമായിരുന്നു ധ്യാനിന്റെ ആദ്യ മറുപടി.
എന്നാലും ഹണി റോസിനെ ആരായി കാണണമെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് അവര്‍ നല്ല സൗന്ദര്യം ഉള്ള നടിയാണെന്നും ടീച്ചറൊക്കെ ആയിരുന്നെങ്കില്‍ മലര്‍ മിസ്സിനെ പോലെ കുട്ടികള്‍ക്ക് ക്രഷ് തോന്നിയേനെ എന്നും ധ്യാൻ പറഞ്ഞു.
‘ഹണി റോസ് ടീച്ചറായിരുന്നെങ്കില്‍ ഒറ്റ ദിവസവും കുട്ടികള്‍ ക്ലാസ് മിസ് ചെയ്യില്ല. എനിക്ക് അങ്ങനെ ഒരു കാലമുണ്ടായിരുന്നു. ടീച്ചര്‍മാരായിരിക്കും നമ്മുടെ ഫസ്റ്റ് ക്രഷ്. കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ക്രഷ് ടീച്ചര്‍മാരായിരുന്നു’, ധ്യാന്‍ പറഞ്ഞു.
അജു വര്‍ഗീസിനെ കുറിച്ചുള്ള ചോദ്യത്തിന് അജു സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ വല്ല കേസിലുംപെട്ട് ജയിലില്‍ കഴിയുന്നുണ്ടാകും എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ‘ഒരുകാലത്ത് പുള്ളി ഒരു പബ്ലിക് ന്യൂയിസന്‍സ് ആയിരുന്നു. എന്റെ വേറൊരു വേര്‍ഷന്‍. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടാവില്ല. പിന്നെ ജയിലിലാകുമ്പോള്‍ എല്ലാ ജോലിയും ചെയ്യേണ്ടി വരുമല്ലോ’, ധ്യാൻ പറഞ്ഞു.
നയന്‍താര നടിയായിരുന്നില്ലെങ്കില്‍ രാഷ്ട്രീയത്തിൽ വരുമായിരുന്നുവെന്നാണ് ധ്യാൻ പറയുന്നത്. ‘വെരി ഷാര്‍പ്പ്, വെരി പ്രിസൈസ്. കൃത്യമായി കാര്യമറിയാവുന്ന, മാര്‍ക്കറ്റിങ് അറിയാവുന്ന എന്ത് സംസാരിക്കുന്നു എന്ന് കൃത്യധാരണയുള്ള ആളാണ് അവര്‍. അതുകൊണ്ട് അവര്‍ പൊളിറ്റിക്‌സില്‍ വന്നേനെ’, ധ്യാന്‍ വ്യക്തമാക്കി.
ഫഹദ് ഫാസില്‍ നടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരു കാര്‍ റേസറോ മറ്റോ ആകുമായിരുന്നു എന്നാണ് ധ്യാനിന്റെ മറുപടി. ‘ഫഹദിക്ക ഭയങ്കര കാര്‍ പ്രേമിയാണ്. വല്ല റേസറോ മറ്റോ ആയേനെ. കാറിനോടുള്ള അദ്ദേഹത്തിന്റെ ഭ്രമം എന്നോട് പേഴ്‌സണലി പറഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഓട്ടോ മൊബൈലുമായി ബന്ധപ്പെട്ട എന്തെങ്കിലും പരിപാടിയിലായിരിക്കും പുള്ളി എന്നാണ് തോന്നുന്നത്’, ധ്യാൻ പറഞ്ഞു.
പൃഥ്വിരാജിനെ ഏത് ജോലിയിലാണ് കാണാന്‍ സാധ്യതയെന്ന ചോദ്യത്തിന് അദ്ദേഹം ഈ രാജ്യത്തേ ജനിക്കേണ്ട ആളായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് ധ്യാൻ പറഞ്ഞത്. ‘വല്ല വിദേശത്തൊക്കെ ജനിക്കേണ്ട ആളാണ് അദ്ദേഹം. ആ ലെവലിലാണ് പുള്ളി. അത്ര നന്നായി സംസാരിക്കാനറിയാം. വെരി ഗുഡ് ലുക്കിങ്. ജന്റില്‍മാനാണ്. ഒരു പാക്കേജാണ് പുള്ളി. മള്‍ട്ടി ടാലന്റഡായിട്ടുള്ള ആളാണ്. പുള്ളി എന്തും ചെയ്യും. പുള്ളി എവിടെപ്പോയാലും പുള്ളിക്കൊരു പരിപാടി ഉണ്ടാക്കിയെടുക്കാനാകും. ഇപ്പോള്‍ തന്നെ ഒരു ഹോളിവുഡ് പരിപാടിയിലേക്കൊക്കെ പുള്ളി പോയേക്കും’, ധ്യാന്‍ വാചാലനായി.
നദികളില്‍ സുന്ദരി യമുനയാണ് ധ്യാനിന്റെ പുതിയ ചിത്രം. അജു വർഗീസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ പോലെ ഈ ചിത്രം പരാജയമായില്ല എന്ന സന്തോഷം ധ്യാൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.