KeralaNews

ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തെങ്കില്‍ തെറ്റ്, അധികാരമില്ല, കടന്നാക്രമിച്ച് സതീശന്‍

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് (D Litt Controversy)  നിഷേധിച്ചുവെന്ന വിവാദത്തിൽ സർക്കാരിനെതിരായ ചെന്നിത്തലയുടെ ആക്ഷേപം ഏറ്റെടുക്കാതെ ഗവർണറെ കടന്നാക്രമിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan). ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണര്‍ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഗവർണറോടും സർക്കാരിനോടും ചോദ്യങ്ങൾ ഉണ്ടെങ്കിലും ഡി ലിറ്റ് വിവാദം ചെന്നിത്തല തുറന്ന് വിട്ടത് സർക്കാരിനെ വെട്ടിലാക്കാനായിരുന്നു. രാഷ്ട്രപതിയെ സംസ്ഥാന സർക്കാർ ഇടപെട്ട് അപമാനിച്ചെന്ന രീതിയിൽ ചർച്ചകൾ മുറുകുമ്പോഴാണ് വിമർശനം വി ഡി സതീശൻ ഗവർണറിലേക്ക് തിരിച്ചത്.

സർക്കാരിനെ വിട്ട് ഗവർണറെ സതീശൻ കടന്നാക്രമിച്ചതോടെ ചെന്നിത്തല വെട്ടിലായി. ഒപ്പം പ്രതിപക്ഷത്തെ അനൈക്യം പ്രകടമായി. ഡി ലിറ്റ് വിവാദം ശക്തമാകുന്നത് സർക്കാരിന് രാഷ്ട്രീയനേട്ടമാകുമെന്നതിനാലാണ് സതീശൻ ഗവർണറെ ലക്ഷ്യമിട്ടത്. ഡി ലിറ്റ് പ്രധാന വിഷയമായാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപടെൽ മുങ്ങിപ്പോകും. രാഷ്ട്രപതിയുടെ പേരിൽ സംസ്ഥാന സർക്കാർ-ബിജെപി പോര് കടുത്താൽ കോൺഗ്രസിന് റോളില്ലാതാകുമെന്നും കണ്ടാണ് ഗവർണറെ സതീശൻ വിമർശിച്ചത്.

പ്രശ്നമെന്താണെന്ന് ഗവർണര്‍ വെളിപ്പെടുത്തണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ദളിതനായ രാഷ്ടപ്രതിയെ സർക്കാർ അപമാനിച്ചുവെന്നാണ് ബിജെപി വിമർശനം. പ്രശ്‍നം ഗവർണര്‍ തുറന്ന് പറഞ്ഞാൽ രാഷ്ട്രീയമായി തിരിച്ചടിക്കാനാണ് സിപിഎം നീക്കം. ഗവർണര്‍ക്ക് മേൽ ബാഹ്യസമ്മർദ്ദമെന്ന പാർട്ടി നിലപാട് ഇതുവഴി ഒന്നുകൂടി ആവർത്തിക്കാനാണ് ശ്രമം. വിവാദം മുറുകുമ്പോൾ ഗവർണര്‍ തന്നെ കൂടുതൽ കാര്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നാണ് സൂചന.

കഴിഞ്ഞയാഴ്ച്ച സംസ്ഥാന സന്ദർശനത്തിനെത്തിയ രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് 23 നായിരുന്നു പരിപാടി. രാവിലെ പി എൻ പണിക്കർ പ്രതിമ അനാച്ഛാദനം മാത്രമായിരുന്നു ഔദ്യോഗിക ചടങ്ങ്. ഈ ദിവസം ഡി ലിറ്റ് നൽകാനായിരുന്നു ഗവ‍ർണറുടെ ശുപാർശ എന്നാണ് നേരത്തെ ഉയർന്ന സൂചനകൾ. സാധാരണ നിലയിൽ ഓണററി ഡി ലിറ്റ് നൽകേണ്ടവരുടെ പേര് സിണ്ടിക്കേറ്റ് യോഗത്തിൽ വിസിയാണ് വെക്കാറ്.

ചാൻസലര്‍ ശുപാർശ ചെയ്തെങ്കിൽ അതും പറയാം. സിണ്ടിക്കേറ്റും പിന്നെ സെനറ്റും അംഗീകരിച്ച് ഗവർണറുടെ അനുമതിയോടെയാണ് ഡി ലിറ്റ് നൽകാറുള്ളത്. ഇവിടെ രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് തടഞ്ഞുവെന്നാണ് ആരോപണം. എന്നാല്‍ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തിയിരുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button