പത്തനംതിട്ട: ഉമ്മന്‍ ചാണ്ടിക്ക് ശേഷം ആ കുടുംബത്തില്‍ നിന്ന് ആര് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, പല കോണില്‍ നിന്നും കേട്ടത് മകള്‍ അച്ചു ഉമ്മന്റെ പേരായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിച്ചേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് ആര് വന്നാലും സ്വീകരിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
ഒടുവില്‍ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായി. മികച്ച വിജയം നേടുകയും ചെയ്തു. ചാണ്ടി ഉമ്മന്റെ വിജയത്തിന് ഇടയിലും തിളങ്ങിയത് അച്ചു ഉമ്മനായിരുന്നു. പ്രചാരണത്തിലും കൊട്ടിക്കലാശ ദിവസവും വോട്ടെണ്ണല്‍ ദിനത്തിലുമെല്ലാം മാധ്യമങ്ങളില്‍ അച്ചു ഉമ്മന്‍ നിറ സാന്നിധ്യമായി. രാഷ്ട്രീയ എതിരാളികളോടുള്ള അവരുടെ മൂര്‍ച്ചയേറിയ വാക്കുകളും ഏറെ ചര്‍ച്ചയായി.
ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. പുതുപ്പള്ളി ഉള്‍പ്പെടുന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് മല്‍സരിക്കാനാണ് സാധ്യത. തൊട്ടടുത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്ന മണ്ഡലം പത്തനംതിട്ട ലോക്‌സഭാ സീറ്റാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ മണ്ഡലമായ ഇവിടെ അച്ചു ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് പുതിയ പ്രചാരണം.
അച്ചു ഉമ്മന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് അറിയിച്ചതെന്ന് നേരത്തെ ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടി അസുഖ ബാധിതനായിരിക്കുമ്പോള്‍ ബെംഗളൂരു ആശുപത്രിയില്‍ വച്ച് ഇക്കാര്യം ഇരു സഹോദരിമാരും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മികച്ച ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്.
സിറ്റിങ് എംപി ആന്റോ ആന്റണിയോട് ഇത് സംബന്ധിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. അച്ചു ഉമ്മന്‍ സ്ഥാനാര്‍ഥിയാകുന്ന ചര്‍ച്ചകള്‍ നടക്കുന്നത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. സ്ഥാനാര്‍ഥി ആരാകണം എന്ന് ഹൈക്കമാന്റാണ് തീരുമാനിക്കുക. പാര്‍ട്ടി ആരെ നിര്‍ത്തിയാലും അവര്‍ മല്‍സരിക്കും. പാര്‍ട്ടി നിശ്ചയിക്കുന്നവരെ സ്വാഗതം ചെയ്യും. അച്ചു ഉമ്മന്റെ ചര്‍ച്ച താന്‍ കേട്ടില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.
പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ബിജെപിയുമായി അടുത്ത് പത്തനംതിട്ട നോട്ടമിടുന്നു എന്ന പ്രചാരണവുമുണ്ട്. എന്നാല്‍, ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ബിജെപിക്ക് ഒരു വോട്ട് പോലും കിട്ടില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. ബിജെപി ഇന്ത്യയൊട്ടാകെ ചെയ്യുന്ന അക്രമം കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.