KeralaNews

പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് നിര്‍ദേശങ്ങളുമായി ഇടുക്കി രൂപത

കൊച്ചി: കെപിസിസി വർക്കിംങ് പ്രസിഡന്റും എംഎൽഎയുമായിരുന്ന പി.ടി.തോമസിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിൽ മാർഗനിർദേശവുമായി ഇടുക്കി രൂപത. ഇടുക്കി രൂപതാ മുഖ്യവികാരി ജനറലാണ് നിർദേശങ്ങൾ നൽകിയത്. പ്രധാനമായും മൂന്ന് നിർദേശമാണ് ഇടുക്കി രൂപത മുന്നോട്ടുവെച്ചിരിക്കുന്നത്.

ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിർദേശം. ദേവാലയവും ദേവാലയ പരിസരവും സെമിത്തേരിയും പരിപാവനമായിട്ടാണ് സഭ കാണുന്നത്. അതിന്റെ പരിപാവനത കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഈ ചടങ്ങിൽ പങ്കെടുക്കുന്നവർക്കുണ്ട് എന്നാണ് ആദ്യത്തെ നിർദേശം.

സഭയുടെ ഔദ്യോഗികമായുള്ള ചടങ്ങുകളോടെയല്ല ഈ ചടങ്ങ് നടക്കുന്നത്. എന്നിരുന്നാലും ചടങ്ങിൽ പ്രാർഥനാപൂർവമായ നിശബ്ദത ഉണ്ടായിരിക്കണമെന്ന നിർദേശവും ഇടുക്കി രൂപത മുന്നോട്ടുവെച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരടക്കമെത്തുന്ന ചടങ്ങ് ആയതിനാൽ മുദ്രാവാക്യം വിളികളടക്കം ഉണ്ടാകാനുള്ള സാധ്യത സഭ മുന്നിൽ കാണുന്നുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന നിർദേശമാണ് സഭയുടെ ഭാഗത്ത് നൽകിയിരിക്കുന്നത്.

ക്രൈസ്തവ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുള്ള ഒരു സമീപനം പ്രവർത്തകരുടെ ഭാഗത്ത് നിന്നും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നവരുടെയും ഭാഗത്തുനിന്നും ഉണ്ടാകണം എന്നീ മൂന്ന് നിർദേശങ്ങളാണ് ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ നൽകിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button