ഇടുക്കി: 2018-ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടർ ഇന്ന് പതിനൊന്ന് മണിയോടെ തുറക്കും. അണക്കെട്ടിന്റെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് തുറക്കാൻ പോകുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റീമീറ്റർ വീതമാകും ഉയർത്തുക. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്കൊഴുകും.
വെള്ളം നിയന്ത്രിക്കാനുള്ള നിലവിലെ റൂൾ കർവ് പ്രകാരം 2397.8 അടി എത്തിയാൽ ചുവന്ന ജാഗ്രത പുറപ്പെടുവിക്കണം. നിലവിൽ ഡാമിലെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാൻ അനുമതിയുണ്ടെങ്കിലും ആ അളവിൽ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെങ്കിൽ ചുവപ്പ് ജാഗ്രത കഴിഞ്ഞാൽ ഷട്ടറുകൾ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂ. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.
മൂന്നുവർഷത്തിനുശേഷം വീണ്ടുമൊരിക്കൽകൂടി ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമ്പോൾ കുറ്റമറ്റ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. തെല്ലൊരു ആശങ്കയുണ്ടെങ്കിലും അണക്കെട്ട് വീണ്ടും തുറക്കുന്നതിന്റെ കൗതുകവുമുണ്ട്. വെള്ളമൊഴുകിപ്പോകുന്ന പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മൂന്നുവർഷം മുൻപ് അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് ദുരിതത്തിലേക്കായിരുന്നു. 2018 ഓഗസ്റ്റ് ഒൻപതിനായിരുന്നു അത്. 26 വർഷത്തിനുശേഷം അന്ന് അണക്കെട്ട് തുറന്നപ്പോൾ അഞ്ചുഷട്ടറുകളും ഉയർത്തി വെള്ളമൊഴുക്കേണ്ടിവന്നു. ഇടുക്കിക്കാർക്ക് മാത്രമല്ല, താഴെ ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ള നാടുകൾക്കെല്ലാം മറക്കാൻ കഴിയാത്ത ദിവസങ്ങളായിരുന്നു പിന്നീട്.വീണ്ടുമൊരിക്കൽകൂടി ഷട്ടറുകൾ തുറക്കുമ്പോൾ 2018-ലേതിന് സമാനമായ സാഹചര്യമില്ല. വലിയ ആശങ്കകളുമില്ല.