ഇടുക്കി:അണക്കെട്ടിന്റെ ചെറുതോണി ഷട്ടര്‍ നാളെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണിത്. നാളെ രാവിലെ ആറ് മണിക്കാണ് ഷട്ടറുകള്‍ തുറക്കുക.
ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ മുതല്‍ 150 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുക്കും. നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും എന്നാണ് അറിയിച്ചത്. ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിലെ (Mullaperiyar Dam ) ഷട്ടറുകൾ കൂടുതൽ ഉയർത്തി. ഒമ്പത് ഷട്ടറുകൾ 120 സെന്റി മീറ്റർ (1.20m) അധികമായാണ് ഉയർത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തുന്നത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.
സാധാരണയിലും കൂടുതൽ വെളളം തുറന്ന് വിടുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീൽദാർ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചു. എന്നാൽ ഇതുവരേയും ആരെയും ക്യാമ്പിലേക്ക് മാറ്റിയിട്ടില്ല. പലയിടത്തും ആളുകൾ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്.വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് മുല്ലപ്പെരിയാറിലെ കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാൻ കാരണമായത്.