ഇടുക്കി:ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായി അണക്കെട്ടിന്‍റെ രണ്ട് ഷട്ടറുകള്‍ ഇന്ന് വൈകിട്ട് നാലോടെ തുറക്കും.50 മുതല്‍ 100 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തി 68 മുതല്‍ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക. ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ജില്ലാ കളക്ടര്‍ അറിയിച്ചു. പുഴ മുറിച്ചു കടക്കുന്നതും, മീന്‍ പിടിക്കുന്നതും, പുഴയില്‍ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാല്‍ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകുന്നു. 13 ജില്ലകളിൽ മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. ഇതിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും അതിതീവ്ര മഴയാണ് ലഭിച്ചത്.
തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുഞ്ഞു ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കുടയത്തൂർ സ്വദേശി സോമൻ, അമ്മ തങ്കമ്മ, ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ മകൻ ദേവനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ചു മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ശക്തമായ മഴക്ക് പിന്നാലെ പുലർച്ചെ നാല് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ വീട് തകർന്നാണ് അപകടമുണ്ടായത്. വീട് പൂർണമായും ഒലിച്ചുപോയി. തറഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിച്ചത്.