ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് നല്ലതാണ് എന്നതിന് ഇതുവരെ ശാസ്ത്രീയ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രമുഖ പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. സമ്പൂര്‍ണ വാക്സിനേഷനാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലെ മുഖ്യപരിഗണന. പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും രണ്ടു ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
വാക്സിനേഷന് ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദഗ്ധസമിതി ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഐസിഎംആറിന്റെ പ്രതികരണം. രാജ്യത്തെ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന നല്‍കുന്നത്.
ഇതോടൊപ്പം ലോകത്താകമാനം സമ്പൂര്‍ണ വാക്സിനേഷന് സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിന് ഉണ്ട്. ഇതിന് പുറമേ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് ഗുണം ചെയ്യും എന്നതിനെ പിന്താങ്ങുന്ന ശാസ്ത്രീയ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
അടുത്തിടെ,സമ്പൂര്ണവാക്സിനേഷനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വ്യക്തമാക്കിയിരുന്നു.ആവശ്യത്തിന് വാക്സിന് രാജ്യത്ത് ലഭ്യമാണ്. ഇതുപയോഗിച്ച് എല്ലാവര്ക്കും രണ്ടു ഡോസ് വാക്സിനും ലഭിച്ചു എന്ന് ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.