കൊച്ചി:മലയാള സിനിമയിലെ ഫിറ്റ്നസ് ഐക്കൺ ആയാണ് ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. ബോളിവുഡ് നടൻമാരെ പോലെ ശരീര ഭംഗി കാത്തു സൂക്ഷിക്കുന്ന ഉണ്ണിക്ക് സ്ത്രീകളുടെ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. ഒരു സൂപ്പർ സ്റ്റാറിന് വേണ്ട സ്ക്രീൻ പ്രസൻസുണ്ടായിട്ടും എടുത്ത് പറയത്തക്ക റോളുകളൊന്നും അടുത്ത കാലം വരെ ഉണ്ണി മുകുന്ദന് ലഭിച്ചിരുന്നില്ല.
എന്നാൽ മാളിക്കപ്പുറം എന്ന സിനിമയിലൂടെ കരിയർ ഗ്രാഫിൽ വൻ കുതിച്ച് ചാട്ടമുണ്ടായിരിക്കുകയാണ് ഉണ്ണി മുകുന്ദന്. മികച്ച കലക്ഷൻ നേടി മുന്നേറുന്ന സിനിമ നടന്റെ കരിയറിനെ സംബന്ധിച്ച് നാഴിക കല്ലാണ്. 35 കാരനായ ഉണ്ണി മുകുന്ദൻ ഇപ്പോഴും അവിവാഹിതനാണ്.
നടന്റെ വിവാഹക്കാര്യം എപ്പോഴും ചർച്ചയാവാറുണ്ട്. വിവാഹം മനപ്പൂർവം നീട്ടിക്കൊണ്ട് പോവുന്നതല്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ഇത്രയും വർഷത്തെ കരിയറിനിടയിൽ ഒരിക്കൽ പോലും പ്രണയ ഗോസിപ്പുകളിൽ ഉണ്ണി മുകുന്ദന്റെ പേര് കണ്ടിട്ടില്ല. എന്നാൽ മുമ്പൊരിക്കൽ തനിക്കിഷ്ടം തോന്നിയ നടിയെക്കുറിച്ച് നടൻ തുറന്ന് പറഞ്ഞിരുന്നു.
നടി അനുഷ്ക ഷെട്ടിയാണ് ഉണ്ണി മുകുന്ദന്റെ മനസ്സിലിടം പിടിച്ച നടി. ബാഗ്മതി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. എല്ലാവരെയും ഒരു പോലെ കാണുന്ന വ്യക്തിയാണ് അനുഷ്കയെന്ന് ഉണ്ണി മുകുന്ദൻ അന്ന് പറഞ്ഞു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ സംസാരിക്കുകയായിരുന്നു നടൻ.
‘വളരെ ഹംബിളാണ് അവർ. ബാഗ്മതി എനിക്ക് ആദ്യം ഒരു കൊമേഴ്ഷ്യൽ സിനിമയായിരുന്നു. പിന്നീട് അനുഷ്ക ബാഹുബലിയൊക്കെ കഴിഞ്ഞ് ടോപ്പിൽ നിൽക്കുന്ന സമയം. ആ ഒരു പ്രഷർ തോന്നിയിരുന്നു’
‘പക്ഷെ അവരെ കണ്ട ഞാൻ വീണു പോയി. കുറച്ച് പ്രായം കൂടുതലാണ്, പക്ഷെ പ്രായം ഒരു വിഷയമല്ല, പക്ഷെ പുള്ളിക്കാരി വലിയൊരു സ്ഥാനത്താണ് ആ നിലയിൽ നിൽക്കുന്ന സ്റ്റാറായിരുന്നെങ്കിൽ ഞാനവരെ പ്രൊപ്പോസ് ചെയ്തേനെ’
ഞാനൊരു സ്ത്രീയാണെങ്കിൽ അനുഷ്കയെ പോലെയാവണമെന്ന് പറഞ്ഞതിന് കാരണമുണ്ട്. പൊതുവെ ഒരാൾക്ക് മര്യാദ കിട്ടുക അവരുടെ സ്ഥാനം വെച്ചാണ്. ടോപ്പിലുള്ള ആളാണെങ്കിൽ അയാളോട് പെരുമാറ്റം വേറെ രീതിയിലായിരിക്കും.
പക്ഷെ ഇവർക്കങ്ങനെയല്ല. സ്പോട്ട് ബോയ് തൊട്ട് ഡയരക്ടർ വരെ ഇവർക്ക് ഒരു പോലെയാണ്. എന്റെ സ്റ്റാഫ് തന്നെ എന്നോട് പറഞ്ഞു ചേട്ടാ അവരെത്ര സിംപിളായാണ് പെരുമാറുന്നതെന്ന്. പത്ത് മാസമാണ് ആ സിനിമ ഷൂട്ട് ചെയ്തത്. പത്ത് മാസമൊന്നും ഒരാൾക്ക് അഭിനയിക്കാൻ പറ്റില്ലെന്നും നടൻ പറഞ്ഞു.
‘നമ്മൾക്ക് അത് പോലെയാവാൻ തോന്നും. അനുഷ്ക ഷെട്ടി എന്ന സ്റ്റാറിൽ നിന്നും വ്യത്യസ്തയാണ് അവർ ഒരു വ്യക്തിയെന്ന നിലയിൽ. സിനിമയിലഭിനയിക്കാത്ത ഒരു പെൺകുട്ടി എങ്ങനെയാണ് ജീവിക്കുക അത് പോലെയാണ്. പലർക്കും സിനിമയിലുള്ള സ്റ്റാർഡം ജീവിതത്തിലും വന്ന് പോവും. അറിയാതെ വന്ന് പോവുന്നതാണ്. തെറ്റൊന്നുമല്ല,’ ഉണ്ണി മുകുന്ദൻ പറഞ്ഞതിങ്ങനെ. പ്രഭാസിന് ശേഷം അനുഷ്കയ്ക്ക് ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡിയായി വന്നത് ഉണ്ണി മുകുന്ദനായിരുന്നു.
യശോദയാണ് അടുത്തിടെ പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്റെ തെലുങ്ക് സിനിമ. സമാന്തയായിരുന്നു സിനിമയിലെ നായിക. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചത്. മാളികപ്പുറത്തിന് മുമ്പ് ഷെഫീഖിന്റെ സന്തോഷം, മേപ്പടിയാൻ എന്നിവയാണ് നടന്റെ റിലീസ് ചെയ്ത മലയാള സിനിമകൾ.