NationalNews

‘ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് കുട്ടിക്കാലത്ത് പറഞ്ഞിരുന്നത്’; തീരുമാനം മാറ്റിയത് രാധികയിലെ ആ ഗുണമെന്ന് ആനന്ദ് അംബാനി

മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ വിവാഹപൂർവ ആഘോഷങ്ങൾക്ക് നാളെ ഗുജറാത്തിലെ ജാംനഗറിൽ തുടക്കമാവുകയാണ്. ജൂലായിൽ നടക്കുന്ന അത്യാഡംബര വിവാഹത്തിന് മുന്നോടിയായുള്ള മൂന്ന് ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ലോകത്തിലെ മുൻനിര വ്യവസായികളും ബോളിവുഡ്, ഹോളിവുഡ് താരങ്ങളുമെത്തുന്നുണ്ട്. മുംബയിലെ വിരൻ മർച്ചന്റിന്റെയും ഷീലയുടെയും മകൾ രാധിക മർച്ചന്റാണ് വധു. ഇതിനിടെ രാധികയുമായി പ്രണയത്തിലായതിനെക്കുറിച്ച് വെളിപ്പെടുത്തുകയാണ് അംബാനി കുടുംബത്തിലെ ഇളംതലമുറക്കാരൻ.

ഒരിക്കലും കല്യാണം കഴിക്കില്ലെന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നതെന്ന് ആനന്ദ് പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. ഞാൻ വളരെ ഭാഗ്യവാനാണ്. ‘ഞാൻ സ്വപ്‌നം കണ്ടിരുന്ന ഒരു വ്യക്തിയെയാണ് പങ്കാളിയായി ലഭിക്കുന്നത്. കുട്ടിക്കാലത്ത് ഞാൻ കരുതിയത് ഒരിക്കലും വിവാഹിതനാവില്ല എന്നായിരുന്നു. ഇക്കാര്യം ഞാൻ മാതാപിതാക്കളോടും എപ്പോഴും പറയുമായിരുന്നു. മൃഗങ്ങളെ സേവിക്കാനായിരുന്നു എനിക്കെപ്പോഴും താത്‌പര്യം.

പിന്നീടാണ് രാധികയെ കണ്ടുമുട്ടിയത്. എന്റെ അതേ ചിന്തകളായിരുന്നു രാധികയ്ക്കും. മൃഗങ്ങളെ പരിപാലിക്കാൻ ഇഷ്ടമുള്ളയാളാണ്. എനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടപ്പോൾ ശക്തമായി കൂടെനിന്നു’- ആനന്ദ് വെളിപ്പെടുത്തി.

സഹോദരൻ ആകാശ് അംബാനി തനിക്ക് ഭഗവാൻ രാമനെപ്പോലെയാണെന്നും സഹോദരി മാതാവിനെപ്പോലെയാണെന്നും ആനന്ദ് പറഞ്ഞു. തങ്ങൾക്കിടയിൽ മത്സരമില്ല.

അംബാനി കുടുംബത്തിൽ ജനിച്ചതിൽ നന്ദിയുള്ളവനാണ്. മുകേഷ് അംബാനിയുടെ മകനായി ജനിച്ചതിൽ നന്ദിയുള്ളവനാണ്. സഹോദരനും സഹോദരിയും പറയുന്നത് അതുപോലെ തന്നെ അനുസരിക്കും. പശകൊണ്ട് ഒട്ടിച്ചുചേർന്നതുപോലെയാണ് സഹോദരിയും സഹോദരനുമായുള്ള ബന്ധമെന്നും ആനന്ദ് അംബാനി പറഞ്ഞു.

മെറ്റയുടെ സി.ഇ.ഒ മാർക്ക് സുക്കർബർഗ്, മൈക്രോസാേഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയവർ ആനന്ദ് അംബാനി- രാധിക മർച്ചന്റ് വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,500ൽ അധികം വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. വിവാഹത്തിനെത്തുന്നവർക്കായി വന്യമ്യഗങ്ങളെ അധിവസിപ്പിച്ചിട്ടുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ പാർക്കിൽ സന്ദർശനവും ഒരുക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button