കൊച്ചി:മലയാളി പ്രേക്ഷകർക്ക് വളരെ പ്രതീക്ഷയുള്ള നടന്മാരിൽ ഒരാളാണ് ആസിഫ് അലി. വില്ലനായി വന്ന് പിന്നീട് സഹനടനായും കോമേഡിയനായും സിനിമകൾ ചെയ്ത ശേഷമാണ് നായകൻ എന്ന നിലയിലേക്ക് ആസിഫ് അലി വളർന്നത്.
സിദ്ദീഖ് അടക്കമുള്ള താരങ്ങൾ ആസിഫ് അലിയുടെ അഭിനയത്തേയും കഥാപാത്രങ്ങൾക്കായി താരം നടത്തുന്ന തയ്യാറെടുപ്പുകളേയും ക്ഷമയേയും പലപ്പോഴായി പ്രശംസിച്ചിട്ടുണ്ട്. പലവിധ ജോണറിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിട്ടുള്ള നടൻ കൂടിയാണ് ആസിഫ് അലി.
ശ്യാമപ്രസാദ് സിനിമ റിതുവിൽ തുടങ്ങിയ ആസിഫ് അലിയുടെ സിനിമ ജീവിതം ഇപ്പോൾ ജീത്തു ജോസഫ് സിനിമ കൂമനിൽ എത്തിനിൽക്കുകയാണ്. കൂമൻ റിലീസിന് തയ്യാറെടുക്കുമ്പോൾ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ആസിഫ് അലി.
അത്തരത്തിൽ പ്രമോഷന്റെ ഭാഗമായി പോപ്പര്‍ സ്‌റ്റോപ്പ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മുമ്പൊരിക്കൽ തനിക്ക് അടുത്ത ലാലേട്ടനാവണം എന്ന് പറഞ്ഞതിന് പിന്നിലെ കാരണമാണ് ആസിഫ് അലി വെളിപ്പെടുത്തിയത്. അവതാരകനായിരിക്കുന്ന കാലത്ത് മോഹന്‍ലാലിന്റെ ഇന്റര്‍വ്യൂ എടുത്തപ്പോള്‍ ആസിഫ് അലി അദ്ദേഹത്തിന്റെ കാലില്‍ വീണ് എനിക്ക് അടുത്ത ലാലേട്ടനാവണമെന്ന് പറഞ്ഞിരുന്നു.
അങ്ങനെ പറയാനുണ്ടായ സാഹചര്യമെന്താണെന്നാണ് ആസിഫ് ഇപ്പോൾ വിശദീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോള്‍ മതിമറന്ന് ചെയ്തുപോയതാണെന്നും പക്ഷെ അതില്‍ കുറ്റബോധമില്ലെന്നും ആസിഫ് അലി പറഞ്ഞു.
‘സ്വപ്‌നം കാണാന്‍ ധൈര്യം കാണിച്ച ഒരാളുടെ അഹങ്കാരമായിട്ട് തന്നെ കാണാം അത്. അങ്ങനെ ഒരു അവസരം കിട്ടിയപ്പോള്‍ വേറെ ഒന്നും ചോദിക്കാനും പറയാനും തോന്നിയില്ല.’
‘മലയാള സിനിമ കണ്ട് തുടങ്ങിയ…. മലയാള സിനിമ ഇഷ്ടപ്പെടുന്ന എല്ലാ സാധാരണക്കാര്‍ക്കുമുള്ള ആഗ്രഹമാണ് മോഹന്‍ലാലിനെ നേരിട്ട് കാണുക എന്നുള്ളത്. ഞാൻ ആ സമയത്ത് മതിമറന്ന് ചെയ്തുപോയൊരു അവിവേകമായിരുന്നു അത്.’
‘പക്ഷെ അങ്ങനെ ചോദിച്ചതിലോ അതിന് ധൈര്യം കാണിച്ചതിലോ ഒരു പോയിന്റിൽ പോലും കുറ്റസമ്മതം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള കുറെ സംഭവങ്ങൾ തന്നെയാണ് ഇങ്ങനെയുള്ള ഒരു യാത്രക്ക് തുടക്കം തന്നതും അതിനൊരു ഫ്യുവലായി മാറിയതും’ ആസിഫ് പറഞ്ഞു.
സിനിമയിൽ വന്ന കാലം മുതൽ പലവിധ വിമർശനങ്ങൾ കേൾക്കേണ്ടി വന്നൊരു നടൻ കൂടിയാണ് ആസിഫ് അലി. ഒരിടയ്ക്ക് മോഹൻലാൽ വിളിച്ചിട്ട് ആസിഫ് ഫോൺ എടുക്കാൻ തയ്യാറായില്ലെന്നതിന്റെ പേരിൽ താരം വിമർശിക്കപ്പെട്ടിരുന്നു.
‘മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ലൊക്കേഷനിലാണെങ്കില്‍ അസിസ്റ്റന്റിന്‍റെ ഫോണിലാണ് വീട്ടുകാര്‍ വിളിക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞാണെങ്കില്‍ ഹോട്ടലിലേക്ക് വിളിക്കും. ഞാനപ്പോള്‍ ഫോണ്‍ ഓണ്‍ ചെയ്ത് തിരിച്ച് വിളിക്കും.’
‘ഞാനെപ്പോഴും പറയാറില്ലേ ഇത് ഒരാളെയോ കുറെയാളുകളെയോ ഒഴിവാക്കാന്‍ വേണ്ടിയല്ല ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതെന്ന്… ഫോണ്‍ ഉപയോഗിക്കാന്‍ എനിക്ക് കഴിയില്ല. അതെന്തോ സൈക്കോളജിക്കല്‍ ഡിസോര്‍ഡറാണെന്ന് തോന്നുന്നു’ എന്നാണ് വിവാദങ്ങളിൽ പ്രതികരിച്ച് മുമ്പൊരിക്കൽ ആസിഫ് അലി പറഞ്ഞത്.
കൂമനാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ റിലീസ്. ജീത്തു ജോസഫാണ് കൂമൻ സംവിധാനം ചെയ്തത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ നിർമ്മിച്ചിരിക്കുന്നത്.
കെ.ആർ കൃഷ്ണകുമാറിന്റേതാണ് ചിത്രത്തിന്റെ രചന. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ റോഷാക്കാണ് ഇതിന് മുമ്പ് ആസിഫ് അലി അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.