കൊച്ചി:അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ തനിക്കെതിരേ കേസ് എടുക്കണമെന്ന് നടന്‍ വിനായകന്‍. വിനായകനെതിരേ കേസ് എടുക്കേണ്ടതില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. ചാണ്ടി ഉമ്മന്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ കുറിപ്പ്.
ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
ചാണ്ടി ഉമ്മന്‍ നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു
‘ഒന്നും ചെയ്യരുത്. വിനായകനെതിരെ കേസെടുക്കരുത്. എന്റെ പിതാവ് എന്താണ് ചെയ്തിട്ടുള്ളതെന്ന് എല്ലാവര്‍ക്കുമറിയാം. ഏതെങ്കിലും ഒരു നിമിഷത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞുപോയെന്നല്ലാതെ അതൊന്നും കാര്യമാക്കേണ്ട ആവശ്യമില്ല. ആരും അദ്ദേഹത്തോട് റഫായി പെരുമാറരുത്. കേസെടുത്ത് എന്ന് പറയുന്നു, അങ്ങനെ ഉണ്ടെങ്കില്‍ അതും ശരിയല്ല. എന്റെ പിതാവ് ഇന്നുണ്ടെങ്കില്‍ എന്ത് പറയും, അതേ എനിക്കും പറയാനുള്ളൂ,’ -ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അതേ സമയം ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ വിനായകനെതിരേ പോലീസ് കേസെടുത്തിരുന്നു. വികാരം വ്രണപ്പെടുത്തിയും മൃതദേഹത്തോട് അനാദരവുകാട്ടിയും പ്രകോപനപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. അതോടൊപ്പം തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ കലൂരിലെ ഫ്‌ലാറ്റ് ആക്രമിച്ചെന്നും ജനല്‍ ചില്ലുകള്‍ തകര്‍ത്തുവെന്നും കാണിച്ച് വിനായകനും പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.