‘വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നു’ നിര്‍ണായക മൊഴി

മലപ്പുറം: മലപ്പുറത്തെ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി സിറാജുദ്ദീന്റെ സുഹൃത്ത് നൗഷാദ് അഹ്സാനി. വീട്ടിൽ പ്രസവിക്കാൻ ഭാര്യയെ നിർബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. എന്നാൽ മുൻപുള്ള പ്രസവങ്ങൾ വീട്ടിൽ ആയതിന്റെ ആത്മവിശ്വാസം ദമ്പതികൾക്ക് ഉണ്ടായിരുന്നു. ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീൻ പറഞ്ഞിരുന്നത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേൾവിക്കാരൻ ആയിരുന്നു സിറാജുദ്ദീൻ എന്നും നൗഷാദ് അഹ്സാനി പറ‍ഞ്ഞു. 

പ്രസവം നടന്ന ദിവസവും, സിറാജുദ്ദീൻ ഒരു സുഹൃത്ത് വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് താൻ നിർദ്ദേശിച്ചത്. കേസിൽ പൊലീസ് തെളിവെടുപ്പ് ഇന്നും തുടരും. സിറാജുദ്ദീനെ ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് ഇന്നലെയും തെളിവെടുത്തിരുന്നു. വീട്ടിൽ എങ്ങനെ, എവിടെ വെച്ചാണ് സംഭവമെന്ന് സിറാജുദ്ദീൻ പൊലീസിന് വിവരിച്ചു നൽകിയിരുന്നു. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയാൽ അടുത്ത ദിവസം തന്നെ മലപ്പുറം പൊലീസ് പെരുമ്പാവൂരിലേക്ക് തിരിക്കും. അസ്മയുടെ ബന്ധുക്കളുടെ അടക്കം മൊഴിയെടുക്കും. 

മലപ്പുറത്ത് വീട്ടിൽ നടത്തിയ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ ഇന്നലെയാണ്‌ പൊലീസ് കസ്റ്റഡിയിൽ എടുത്തത്‌. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇയാളെ കസ്റ്റ്ഡിയിലെടുത്തത്. പിന്നാലെ ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.

സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. അഞ്ചാം പ്രസവത്തിൽ 35കാരിയായ അസ്‌മ മരിച്ചത് രക്തം വാർന്നാണെന്ന് കണ്ടെത്തി. പ്രസവശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

അസ്‌മയുടെ ആദ്യത്തെ രണ്ട് പ്രസവങ്ങൾ ആശുപത്രിയിലും മൂന്ന് പ്രസവങ്ങൾ വീട്ടിലുമായിരുന്നു നടന്നത്. അക്യുപംഗ്‌ച്ചർ ചികിത്സാരീതിയാണ് പ്രസവത്തിനായി അസ്‌മയും ഭർത്താവ് സിറാജുദ്ദീനും ഉപയോഗിച്ചതെന്നാണ് വിവരം. ശനിയാഴ്‌ച ആറുമണിയോടെയാണ് അസ്‌മ പ്രസവിച്ചത്. രാത്രി ഒൻപത് മണിയോടെയാണ് ഭാര്യ മരിച്ചതായി സിറാജുദ്ദീൻ മനസിലാക്കുന്നത്. പിന്നാലെ മൃതദേഹം സിറാജുദ്ദീൻ പെരുമ്പാവൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

പ്രസവവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. വേദനകൊണ്ട് പുളഞ്ഞ ഭാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കരഞ്ഞപേക്ഷിച്ചിട്ടും സിറാജുദ്ദീൻ അനുവദിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രവാദവും അന്ധവിശ്വാസവും കൊണ്ടുനടന്ന ഇയാൾ സിദ്ധവെെദ്യത്തിൽ ആണ് വിശ്വാസമർപ്പിച്ചിരുന്നത്.സിറാജുദ്ദീൻ ആലപ്പുഴ സ്വദേശിയാണ്. മലപ്പുറം ചട്ടിപ്പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News