കൊച്ചി:കൊവിഡിന്റെ രണ്ടാംതരംഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.
”എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ കിരണം നല്‍കുന്നു” എന്നാണ് ഐശ്വര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
കേരളം ഒരു കോടി ഡോസ് വാക്‌സിന്‍ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം. കേരളം ഒരു കോടി വാക്‌സിന്‍ വാങ്ങും. ഇതില്‍ എഴുപത് ലക്ഷ്യം കോവിഷീല്‍ഡും മുപ്പത് ലക്ഷ്യം കോവാക്‌സിനുമായിരിക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മായാനദിയിലൂടെ താരമായി മാറി. വരത്തന്‍, വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ബ്രദേഴ്‌സ് ഡെ, തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്നു. ആക്ഷനിലൂടെ ഐശ്വര്യ തമിഴിലും അരങ്ങേറി.
ധനുഷ് ചിത്രം ജഗമേ തന്തിരം ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഇതിന് പുറമെ പൊന്നിയന്‍ സെല്‍വന്‍, കാണെക്കാണെ, അര്‍ച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്‌പെഷ്യല്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. തെലുങ്കിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ. ഗോഡ്‌സെ ആണ് ആദ്യ തെലുങ്ക് ചിത്രം. ബ്രദേഴ്‌സ് ഡെ ആയിരുന്നു അവസാനം തീയേറ്ററുകളിലെത്തിയത്. മലയാള സിനിമയിലെ യുവ നടിമാരില്‍ മുന്‍നിരയിലാണ് ഐശ്വര്യയുടെ സ്ഥാനം.