കൊച്ചി:ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകർക്കും പ്രിയപ്പെട്ട കുട്ടിത്തരമായി മാറിയ നടിയാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമെല്ലാം സൂപ്പർ താര ചിത്രങ്ങളിൽ ബാല താരമായി തിളങ്ങിയ അനിഖ ഇന്ന് നായിക നടി കൂടിയാണ്. തെലുങ്കിലും തമിഴിലുമായി രണ്ടു ചിത്രങ്ങളിൽ അനിഖ ഇതിനകം നായികയായി അഭിനയിച്ചു കഴിഞ്ഞു.
മലയാളത്തിൽ അനിഖ നായികയായ ആദ്യ ചിത്രം ഓ മൈ ഡാർലിംഗ് ദിവസങ്ങൾക്ക് മുൻപാണ് തിയേറ്ററുകളിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ ടീസറൊക്കെ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിലെ അനിഖയുടെ ലിപ് ലോക്ക് അടക്കം ചർച്ചയായി മാറിയിരുന്നു.
സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് അനിഖ. അനിഖയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളൊക്കെ പലപ്പോഴും വളരെ അധികം ശ്രദ്ധനേടാറുണ്ട്. സോഷ്യൽ മീഡിയയിൽ പൊതുവെ യുവനായികമാരുടെ വസ്ത്രധാരണം ചർച്ചയായി മാറാറുണ്ട്. ഒരുപാട് വിമർശനങ്ങളും പല താരങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. അനിഖയ്ക്കും സോഷ്യൽ മീഡിയയിൽ അത്തരം അനുഭവം ഉണ്ടായിട്ടുള്ളതാണ്.
എന്നാൽ അതിനെയൊന്നും താൻ മൈൻഡ് ചെയ്യാറില്ലെന്ന് പറയുകയാണ് അനിഖ ഇപ്പോൾ അത്തരം കമന്റുകളെയൊക്കെ അവഗണിച്ചു വിടാറാണ് പതിവെന്ന് അനിഖ പറയുന്നു. തന്റെ വസ്ത്രധാരണത്തെ കുറിച്ച് അമ്മ എന്തെങ്കിലും പറഞ്ഞാൽ അത് മാത്രമേ താൻ കേൾക്കുകയുള്ളു എന്നാണ് അനിഖ പറയുന്നത്.
അതേസമയം, സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ വരുന്ന ക്രിയാത്മക വിമർശനങ്ങൾ താൻ അംഗീകരിക്കുമെന്നും അനിഖ പറയുന്നുണ്ട്. പുതിയ ചിത്രമായ ലവ്‌ഫുള്ളി യൂവേഴ്സ് വേദയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിശദമായി വായിക്കാം തുടർന്ന്.
‘ആളുകളോട് ചോദ്യങ്ങൾ ഞാൻ അവഗണിക്കാറേ ഉള്ളു. ഞാൻ ആ കമന്റുകൾ ഒന്നും നോക്കാറേ ഇല്ല. സോഷ്യൽ മീഡിയയിലെ കമന്റുകളൊന്നും തന്നെ ഞാൻ നോക്കാറില്ല. എന്നാൽ പോസിറ്റീവായ ശ്രദ്ധിക്കാറുണ്ട്. ക്രിയാത്മകമായ വിമർശനങ്ങളും ഞാൻ സ്വീകരിക്കാറുണ്ട്,’
വസ്ത്രധാരണത്തിന്റെ കാര്യത്തിലാണെങ്കിൽ എല്ലാവർക്കും അവരുടേതായ പേഴ്‌സണൽ സ്റ്റൈലുകളുണ്ട് എത്ര വൃത്തികേടും എത്ര മോശമാണെങ്കിലും അത് അവരുടെ പേഴ്സണൽ സ്റ്റൈലാണ്. അതിൽ നമ്മൾ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിന്റെ ജഡ്‌ജ് ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നില്ല,’
‘അതുകൊണ്ട് തന്നെ ഞാൻ ഇങ്ങനെയൊക്കെ ആണ് നടക്കാറ്. ഡ്രസിങ്ങിന്റെ കാര്യത്തിൽ അങ്ങനെ കമന്റുകൾ ഒന്നും ഞാൻ നോക്കാറില്ല. മറ്റു ചില കാര്യങ്ങൾ നമ്മൾ കേൾക്കണം എന്നിട്ട് വേണമെങ്കിൽ പരിഗണിക്കണം. അതായത്, ചില സിനിമകൾ, വേഷങ്ങൾ ചെയ്യുന്നത് പോലുള്ള എന്റെ കരിയറിനെ ബാധിക്കുന്ന കാര്യങ്ങൾ. അത് ഞാൻ തീർച്ചയായും പരിഗണിക്കും,’
‘അല്ലാതെ വസ്ത്രധാരണത്തിന്റെ കാര്യത്തിലൊക്കെ എന്ത് പറഞ്ഞിട്ടും കാര്യമില്ല. അത് എന്റെ സ്വന്തം ചോയ്‌സാണ്. അമ്മ വൃത്തികേട് ആണെന്ന് പറഞ്ഞാൽ ഞാൻ കേൾക്കും. വീട്ടിൽ സീനായാൽ വേറെ നിവൃത്തി ഇല്ല എനിക്ക്. എനിക്ക് എന്റെ അമ്മയെ പേടിയാണ്. അതുകൊണ്ട് ഞാൻ മറ്റും. ബാക്കി ആര് പറഞ്ഞിട്ടും കാര്യമില്ല’ എന്ന് അനിഖ പറഞ്ഞു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ തനിക്ക് ട്രെൻഡിന് അനുസരിച്ച് വസ്ത്രം ധരിക്കാൻ ആണ് ഇഷ്ടമെന്നും എന്നാൽ അപ്പോഴും കംഫർട്ട് എന്നൊരു ഫാക്ടർ പ്രധാനമാണെന്നും അനിഖ വ്യക്തമാക്കിയിരുന്നു.
അൺകംഫർട്ടബിൾ ആയ ഒരു വസ്ത്രവും ഫാഷൻ എന്ന പേരിൽ ധരിക്കാറില്ല. അധികം പരീക്ഷണങ്ങൾ ഒന്നും നടത്താൻ പോകാറില്ല. നമ്മുടെ ശരീരമാണ് അതിൽ നമ്മുക്ക് പറ്റുന്ന കംഫർട്ടബിളായ വസ്ത്രമാണ് ധരിക്കേണ്ടത്. ഫോട്ടോ ഷൂട്ടിന് വേണ്ടി മാത്രം ആണെങ്കിൽ പോലും കംഫർട്ടായതെ ധരിക്കുകയുള്ളു എന്നും സ്‌കിൻ കാണുന്ന വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമില്ലെന്നും അനിഖ വ്യക്തമാക്കിയിരുന്നു.