KeralaNews

മുരളി അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല, ഞാൻ തകർന്ന് പോയി; തുറന്ന് പറഞ്ഞ് കമൽ

കൊച്ചി:സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് മുരളി. നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന മുരളിക്ക് ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞു. പഞ്ചാഗ്നിയാണ് മുരളിയുടെ ആദ്യം തിയറ്ററിലെത്തിയ സിനിമ. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ച മുരളി ഇന്നും സിനിമാ ലോകത്ത് ഓർമ്മിക്കപ്പെടുന്നു. മുരളിയെക്കുറിച്ചുള്ള ഒരു ഓർമ്മ പങ്കുവെക്കുകയാണ് സംവിധായകൻ കമൽ.

1992 ൽ പുറത്തിറങ്ങിയ ചമ്പക്കുളം തച്ചൻ എന്ന സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കെയാണ് കമൽ മുരളിയെ പരാമർശിച്ചത്. നെടുമുടി വേണുവും മുരളിയും തമ്മിലുള്ള സംഘട്ടന രം​ഗങ്ങൾ എടുത്തു. ചെളിയിൽ കിടന്ന് രണ്ട് പേരും കൂടി അടിക്കുന്നതാണ് സീൻ‍. ഉച്ച വരെ ഷൂട്ട് ചെയ്തു. ബ്രേക്ക് പറഞ്ഞപ്പോൾ കുളിച്ചിട്ട് വരാം, ചെളിയായതിനാൽ ഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന് മുരളി പറഞ്ഞു.

ഞാനും കൂടെ വരാമെന്ന് പറഞ്ഞ് വേണു ചേ‌ട്ടനും പോയി. വേണു ചേട്ടൻ ഹോട്ടലിൽ എത്തിക്കഴിഞ്ഞ് വേണു ചേട്ടൻ ഒരു കുറിപ്പ് തന്നയച്ചു. മുരളി ഉച്ചയ്ക്ക് ശേഷം ഷൂട്ടിം​ഗിന് വരില്ല, നേരെ എറണാകുളത്തേക്ക് പോയി, അവിടെ നിന്ന് ചെന്നെെയിലേക്ക് പോകുകയാണ്, അത്യാവശ്യമായി ഏതോ ഒരു സിനിമയുടെ ഡബ്ബിം​ഗുണ്ട്. നാളെ ഡബ് ചെയ്ത് മറ്റന്നാളേ വരൂ എന്ന് പറഞ്ഞു.

ഡബ്ബിം​ഗിന് പോകണം, പക്ഷെ കമലിനോട് ചോദിക്കാൻ പറ്റുന്നില്ല, കമൽ ഭയങ്കര ടെൻഷനിലാണെന്ന് ശ്രീനിയോട് മുരളി തലേ ദിവസം പറഞ്ഞിരുന്നു. ഞാൻ തകർന്ന് പോയി. എന്നോട് ഒരു വാക്ക് പറയാതെ മുരളിയെ പോലെ അത്രയും ക്ലോസ് ആയ ആക്ടർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞാൻ പ്രൊഡ്യൂസറെ വിളിച്ചു. ഇനിയൊരു ഷോട്ട് എ‌ടുക്കണമെങ്കിൽ മുരളി വേണം, മധു സാറും കെആർ വിജയയുമൊക്കെ കാത്തിരിക്കുകയാണ്, ഒരു സീൻ പോലും എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. ഇറിറ്റേഷൻ തോന്നിയ ഞാൻ പാക്കപ്പ് എന്ന് പറഞ്ഞു.

ദേഷ്യത്തിൽ ഷെഡ്യൂൾ പാക്കപ്പ് എന്ന് പറഞ്ഞു. ഷെഡ്യൂൾ പാക്കപ്പ് എന്ന് പറഞ്ഞാൽ ഷൂട്ട് നിർത്തി പിരിഞ്ഞ് പോകുകയെന്നാണ്. മുരളിയെ പോലൊരു സുഹൃത്ത് ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല. എത്തിക്സില്ലാത്ത പരിപാടി അല്ലേയെന്ന് തോന്നിയെന്നും കമൽ ഓർത്തു. മധുവുൾപ്പെടെയുള്ള നടൻമാർ തന്നെ സമാധാനിപ്പിച്ചെന്നും പിറ്റേ ദിവസം നടി മോനിഷ വന്നതോടെ നടിയുടെ സീനുകൾ എടുത്തെന്നും കമൽ വ്യക്തമാക്കി. അതിന്റെയടുത്ത ദിവസം മുരളി എത്തി.

തന്നെ അഭിമുഖീകരിക്കാൻ മുരളിക്ക് മടി തോന്നി. താൻ മുരളിയുടെ മുഖത്ത് നോക്കിയില്ല. അസോസിയേറ്റ് ഡയറക്ടർ മുഖേന മുരളിക്ക് നിർദ്ദേശങ്ങൾ‌ കൊടുത്തു. രണ്ടാമത്തെ ദിവസവും ഇത് ആവർത്തിച്ചപ്പോൾ മുരളി പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പിടിച്ച് പിറകിലേക്ക് കൊണ്ടുപോയി. എന്നെ രണ്ട് തല്ല് തല്ലിക്കോ, എനിക്ക് പറ്റിപ്പോയി, എന്റെ ചില പ്രശ്നങ്ങൾ അതാണ്.

അതെനിക്ക് കമലിനോട് പറഞ്ഞാൽ മതിയായിരുന്നു, പറയാൻ നോക്കിയപ്പോഴെല്ലാം കമൽ ഓരോ ഷോട്ടിന്റെ തിരക്കിലായിരുന്നെന്ന് മുരളി പറഞ്ഞു. ഇതൊരുമാതിരി മറ്റേ പണിയായിപ്പോയെന്ന് ഞാൻ പറഞ്ഞു. ദേഷ്യം തണുത്തപ്പോൾ രണ്ട് പേരും തോളത്ത് കൈയിട്ടെന്നും കമൽ ഓർത്തു. ഇപ്പോൾ ആലോചിക്കുമ്പോൾ തമാശയായാണ് തനിക്ക് തോന്നുന്നതെന്നും കമൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button