KeralaNews

മോദി നല്ലതെന്ന് പറഞ്ഞിട്ടില്ല, ശക്തനെന്നാണ് പറഞ്ഞത്, നല്ലതും ശക്തിയും വ്യത്യാസമുണ്ട്: ജി സുധാകരൻ

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. മോദിയെ പുകഴ്ത്തി എന്ന് വാർത്ത വന്നു, എന്നാൽ അത് ശരിയല്ല. മോദി ശക്തനായ ഭരണാധികാരി എന്നാണ് പറഞ്ഞത്. അല്ലാതെ നല്ലത് എന്ന് പറഞ്ഞിട്ടില്ല. നല്ലതും ശക്തിയും തമ്മിൽ വ്യത്യാസമുണ്ടെന്നും സുധാകരൻ പറഞ്ഞു. ശക്തനല്ലേ മോദി എന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതിയാരോപണമില്ലെന്നും നേതാവുണ്ടെങ്കിൽ ജനം പിന്നാലെ വരുമെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളുണ്ടായിട്ടില്ലെന്നും കോൺഗ്രസ് ഭരണകാലത്ത് കേന്ദ്രത്തിലുണ്ടായ അഴിമതിയാരോപണങ്ങൾ പരാമർശിച്ച് സുധാകരൻ പ്രതികരിച്ചിരുന്നു.

അഞ്ച് വർഷം മാത്രം ഓർത്തിരിക്കുന്ന രീതിയാണ്. ഓർമിക്കുക എന്നത് ഒരു സംസ്കാരമാണ്. ഓർമിക്കാതിരിക്കുന്നതും ഒരു സംസ്കാരമാണ്. എന്നാൽ ആ സംസ്കാരത്തിൻ്റെ പേര് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നന്നാകേണ്ടത് രാഷ്ട്രീയക്കാരാണോ ഫോർത്ത് എസ്റ്റേറ്റാണോ എന്ന് ചോദിച്ച അദ്ദേഹം തനിക്ക് ആരുടെയും സപ്പോർട്ട് വേണ്ടെന്നും കൂട്ടിച്ചേ‍ർത്തു.

ഇതിന് പുറമെ മാധ്യമപ്രവ‍ർത്തകർക്കെതിരെയും ശക്തമായ വിമ‍ർശനമാണ് ജി സുധാകരൻ ഉന്നയിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ക്രിമിനലുകൾ രാഷ്ട്രീയത്തിൽ കിടന്നു നുളയ്ക്കുകയാണ്. ഇവർ മാധ്യമ പ്രവർത്തകരിലെ 90 ശതമാനത്തെയും സ്വാധീനിച്ചിരിക്കുന്നു. സിബിസി വാര്യർ ഫൗണ്ടേഷൻ പരിപാടിയിൽ നിന്ന് താൻ ഇറങ്ങി പോയെന്ന് വാർത്ത വന്നു. തനിക്ക് ചാരുംമൂട്ടിൽ പരിപാടിയുണ്ടായിരുന്നു. പറഞ്ഞിട്ടാണ് പോയത്. കള്ളം പറയുന്ന പത്രപ്രവർത്തകർ പണിവിട്ടു പോകണം.

എനിക്ക് ഗുണ്ടകളില്ല അല്ലെങ്കിൽ തല്ലുകിട്ടുമായിരുന്നു. എനിക്ക് ഒരു കാലത്തും ഗുണ്ടകൾ ഇല്ല, ഗുണ്ടകൾ ഉളളവരെ ഇവർക്ക് പേടിയാണ്. പണിക്ക് കൊളളാത്തവരാണ് ഇപ്പോഴുള്ളത്, അവർ‌ ഈ പണി നിർത്തി പൊയ്ക്കോണം. ആലപ്പുഴയിൽ ഫോർത്ത് എസ്റ്റേറ്റില്ല. വികസനം നടത്തിയാൽ ഇവർ എഴുതില്ല. മാധ്യമങ്ങൾ തിരുത്തണം. ഡിസ്ട്രക്ടിവ് ജേർണലിസം ആണ് ഇപ്പോൾ നടക്കുന്നത്.

നീതിയുടെ അവസാനത്തെ ശക്തിയേയും ആലപ്പുഴയിൽ നിങ്ങൾക്ക് പരാജയപ്പെടുത്തണം. മാർക്സിസത്തെപ്പറ്റി ഒന്നും അറിയാത്തവർ നടന്ന് മാർക്സിസം പ്രസംഗിക്കുകയല്ലേ. അവർക്കെതിരെയൊന്നും മാധ്യമങ്ങൾ എഴുതില്ല. പാർട്ടിയേയും സംഘടനയേയും അറിയുന്ന അവസാനത്തെ ആളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. പാർട്ടിയെ നശിപ്പിക്കാനാണതെന്നും അത് പൊളിറ്റിക്കൽ ക്രിമിനലുകൾ അറിയുന്നില്ലെന്നും ജി സുധാകരൻ ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button