രണ്ടാമതും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞിട്ടില്ല! എന്റെ കല്യാണത്തെ പറ്റി വീഡിയോ കണ്ടു;വെളിപ്പെടുത്തി റിമി ടോമി

കൊച്ചി:പ്രേക്ഷകരുമായി വളരെ അടുത്ത് നില്‍ക്കുന്ന താരമാണ് റിമി ടോമി. ഗായിക എന്നതിലുപരി മറ്റ പല മേഖലകളിലും സജീവമായിട്ടുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. അടുത്തിടെ ഭാരം എടുത്തുയര്‍ത്തിയതിനെ തുടര്‍ന്ന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ തനിക്കുണ്ടായി എന്ന് താരം വെളിപ്പെടുത്തിരുന്നു.

ഇത് വലിയ വാര്‍ത്തയായതോടെ റിമിയ്ക്ക് ഗുരുതരമായ പ്രശ്‌നമുണ്ടെന്ന തരത്തില്‍ കഥകള്‍ പ്രചരിച്ചു. എന്നാല്‍ ഇതിനെക്കാളും കൂടുതല്‍ റിമിയുടെ രണ്ടാം വിവാഹത്തെ പറ്റിയാണ് വാര്‍ത്തകള്‍ വരാറുള്ളത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതല്‍ റിമിയെ ചുറ്റിപ്പറ്റി നിരവധി കഥകള്‍ വരാറുണ്ട്.

‘എന്നെ പറ്റി വന്ന വാര്‍ത്തയില്‍ ചെറിയൊരു കാര്യമുണ്ടായിരുന്നു. അത് ഊതിപെരുപ്പിച്ചു എന്ന് പറയാം. അതല്ലാതെ ജീവിച്ചിരിക്കുന്നവരെ പോലും മരിച്ചു എന്ന് പറയുകയും അവര്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റുകളൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. ഇതൊക്കെ വളരെ മോശമാണെന്നല്ല പറയേണ്ടത്. ക്രൂരതയാണെന്ന് പറയണം.

ഇപ്പോള്‍ തന്നെ എന്റെ കല്യാണമായെന്ന് പറഞ്ഞുള്ള രണ്ട് മൂന്ന് വീഡിയോ ഞാന്‍ കണ്ടിരുന്നു. ഇതൊക്കെ കുറേ ആളുകളെങ്കിലും വിശ്വസിച്ചേക്കും. രണ്ടാമതും വിവാഹം കഴിക്കുക എന്നത് മോശം കാര്യമൊന്നുമല്ല. ഞാനിനി കല്യാണമേ കഴിക്കുന്നില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ കല്യാണം കഴിക്കാതെ അങ്ങനെ ചെയ്തു എന്ന് പറയേണ്ടതില്ലല്ലോ. കുറച്ചെങ്കിലും സത്യമുള്ള കാര്യങ്ങള്‍ വേണം കൊടുക്കാന്‍.

ഞാന്‍ രണ്ടാമതും വിവാഹം കഴിക്കാന്‍ പോവുകയാണെങ്കില്‍ ആദ്യം തന്നെ നിങ്ങളോട് പറയുന്നത് ഞാനായിരിക്കും. അങ്ങനൊരു സംശയം ഉണ്ടെങ്കില്‍ എന്നോട് നേരിട്ട് ചോദിക്കാമല്ലോ. എല്ലാ കാര്യങ്ങളും എന്റെ യൂട്യൂബ് ചാനലിലൂടെ ഇനി പങ്കുവെക്കുന്നതായിരിക്കും.

ഇനി പുതിയ വ്‌ലോഗുമായി ഞാന്‍ നിങ്ങളിലേക്ക് വരും. മുന്‍പ് കൊവിഡ് കാലത്ത് പലതരം വിഷയങ്ങള്‍ പങ്കുവെച്ച് കൊണ്ട് ഈ ചാനല്‍ ആക്ടീവായിരുന്നു. അതുപോലെ നല്ല കണ്ടെന്റുകളുമൊക്കെയായി താന്‍ വീണ്ടും വരുന്നതായിരിക്കുമെന്നും’ റിമി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News